തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നിഷ്യൻമാർ എന്നിവർക്കായി നാളികേര വികസന ബോർഡ് നടപ്പാക്കുന്ന കേര സുരക്ഷാ ഇൻഷ്വറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ പരിഷ്‌കരിച്ചു. പുതിയ പോളിസി പ്രകാരം ഇൻഷ്വറൻസ് പരിരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്തി. അപകട ഇൻഷ്വറൻസായി നടപ്പാക്കുന്ന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവുകളും ഉൾപ്പെടും. നാളികേര വികസന ബോർഡിന്റെ ഫ്രണ്ട്സ് ഓഫ് കോക്കനട്ട് ട്രീ പരിശീലനം, നീര ടെക്നിഷ്യൻ പരിശീലനം എന്നിവയിലുള്ളവർക്ക് ആദ്യ വർഷം പോളിസി സൗജന്യമായിരിക്കും. ഇക്കാലയളവിൽ പോളിസി തുകയായ 398.65 രൂപ ബോർഡ് വഹിക്കും. ഒരു വർഷമാണ് ഇൻഷ്വറൻസ് കാലാവധി.
പോളിസിയെടുക്കുന്നതിനുള്ള അപേക്ഷകൾ കൃഷി ഓഫിസർ, പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എഫ്. ഉദ്യോഗസ്ഥൻ, സി.പി.സി. ഡയറക്ടർമാർ എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തി പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ചെയർമാൻ, നാളികേര വികസന ബോർഡ്, എസ്.ആർ.വി. റോഡ്, കേര ഭവൻ, കൊച്ചി എന്ന വിലാസത്തിൽ അയയ്ക്കണം. നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്തു മാറാവുന്ന 99 രൂപയുടെ ഡി.ഡിയും അപേക്ഷയ്ക്കൊപ്പം വയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.coconutboard.gov.in, 0484 2377266, എക്സ്റ്റൻഷൻ 255.