കലാകാരന്‍മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനും രചനയില്‍ ഏര്‍പ്പെടാനും കഴിയാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ലളിതകലാ അക്കാഡമിയുടെ വിവിധ പുരസ്‌കാരങ്ങള്‍ വി.ജെ.ടി ഹാളില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ ഭീഷണിപ്പെടുത്തി നിഷ്‌ക്രിയരും നിശബ്ദരുമാക്കാനാണ് ശ്രമം. മിത്തുകളെയും ഐതീഹ്യങ്ങളെയും കെട്ടുകഥകളെയും അവര്‍ ചരിത്രമെന്ന് വരുത്തുന്നു. ഹരീഷിന്റെ മീശ എന്ന നോവലിന്റെ കാര്യത്തില്‍ പോലും വര്‍ഗീയതയുടെ കല്‍പനകള്‍ വിലപ്പോകുന്നത് നാം കണ്ടു. ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലാത്ത പ്രവണതകള്‍ക്കു മുന്നില്‍ കലാകാരന്‍മാരും എഴുത്തുകാരും കീഴടങ്ങരുത്. ഇത്തരം നടപടികളെ ചെറുക്കണം. അത്തരം ചെറുത്തുനില്‍പുകള്‍ക്ക് പിന്തുണ നല്‍കാന്‍ സമൂഹം തയ്യാറാകണം. നിര്‍ഭയ അന്തരീക്ഷത്തിലേ സര്‍ഗാത്മകത ഉണ്ടാവൂ. സര്‍ഗാത്മകതയെ ഞെരുക്കുന്ന ഒന്നിനോടും സര്‍ക്കാര്‍ വിട്ടുവീഴ്ചയോ സന്ധിയോ ചെയ്യില്ല. മതനിരപേക്ഷ അഴിമതി രഹിത വികസിത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭരണഘടനാപരമായി ചുമതലയേറ്റവര്‍ തന്നെ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശരിയല്ല. അത്തരം നിലപാട് കേരളത്തില്‍ ഉണ്ടാവില്ല.
ചിത്രകല ആസ്വദിക്കുന്ന സംസ്‌കാരത്തിലേക്ക് മലയാളിക്ക് വളരാനാവണം. കേരളത്തിന്റെ ചിത്രകലയെ ലോകമെമ്പാടും എത്തിച്ച ചിത്രകാരനാണ് രാജാരവിവര്‍മ. എന്നാല്‍ രാജാരവിവര്‍മയുടെ പല പ്രധാന ചിത്രങ്ങളും കേരളത്തിന് അന്യാധീനപ്പെട്ടുപോയി. കേരളമായിരുന്നു അവയുടെ സൂക്ഷിപ്പുകാരാകേണ്ടിയിരുന്നത്. അവയുടെ മൂല്യം മനസിലാക്കി ശേഖരിച്ചു വയ്ക്കാന്‍ നമ്മുടെ നാടിന് കഴിഞ്ഞില്ല. ഇവിടെയുള്ളവ വേണ്ടവിധം സൂക്ഷിച്ചിട്ടുണ്ടോയെന്നും ബന്ധപ്പെട്ടവര്‍ ചിന്തിക്കേണ്ടതാണ്. രാജാരവിവര്‍മയെ പോലെ മികച്ച ചിത്രകാരന്‍മാരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ക്രിയാത്മകമായ കാര്യങ്ങള്‍ പഠിച്ച് നിര്‍ദ്ദേശിക്കാന്‍ ലളിതകലാ അക്കാഡമി പോലെയുള്ള സ്ഥാപനങ്ങള്‍ തയ്യാറാകണം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മലയാളികള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പോയി ചിത്രകല പഠിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ 17 ചിത്രകലാ ഗാലറികളാണുള്ളത്. ഇവ അപര്യാപ്തമാണ്. അതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വരെ ആര്‍ട്ട് ഗാലറികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കലാകാരന്‍മാരുടെ സൃഷ്ടികള്‍ വില്പന നടത്തുന്നതിന് അക്കാഡമികള്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നത് പരിഗണനയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. നടന്‍ ഇന്ദ്രന്‍സ് വിശിഷ്ടാതിഥിയായിരുന്നു. മേയര്‍ വി. കെ. പ്രശാന്ത്, വി. എസ് ശിവകുമാര്‍ എം. എല്‍. എ, ചിത്രകാരന്‍ ബി. ഡി. ദത്തന്‍, കെ. എസ്. എഫ്. ഡി. സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, പു.ക.സ ജനറല്‍ സെക്രട്ടറി പ്രൊഫ. വി. എന്‍. മുരളി, ലളിതകലാ അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.