വൈപ്പിന്‍: കോവിഡ് വിഷാദത്തിനു വിടനൽകി ഫോക് ലോര്‍ ഫെസ്റ്റിന്റെ ഭാഗമായി ഗോശ്രീ ജങ്ഷനില്‍ നിന്നാരംഭിച്ച വര്‍ണാഭ ഘോഷയാത്ര നാടിനാകെ പ്രസരിപ്പ് പകർന്ന ആവേശത്തിരയായി. വിവിധങ്ങളായ കലാരൂപങ്ങളും ചരിത്ര സാമൂഹ്യ വിഷയങ്ങളും ഫ്ളോട്ടുകളായി സംസ്ഥാനപാതയിലൂടെ നീങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഗതാഗത തടസം ഒഴിവാക്കിയും വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്രയിലെ ജനപങ്കാളിത്തം ശ്രദ്ധേയമായി.
പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തില്‍ എറണാകുളം കായലില്‍ നടന്ന കായല്‍സമരം ഫ്‌ളോട്ട് ഒന്നാമതായി അണിനിരന്നു. പിന്നാലെ മറ്റു കാലാരൂപങ്ങള്‍ പിന്തുടര്‍ന്നു. എന്‍ഡോ സള്‍ഫാന്‍ ദുരന്തം വിവരണം, അരയന്നം, പപ്പാഞ്ഞി, മാവേലി, കടലിന്റെ മക്കള്‍ കേരളത്തിന്റെ സൈന്യം,ചവിട്ടുനാടകം, കാളവേല, വള്ളപ്പാട്ട്, പൊട്ടന്‍ തെയ്യം,പൂതന – തിറ തുടങ്ങിയവ.
ഘോഷയാത്ര കാണാൻ വൻജനാവലി പാതയ്ക്കിരുവശവും അണിനിരന്നു.വാദ്യമേളങ്ങളോടെ ഘോഷയാത്ര പള്ളത്താംകുളങ്ങരയിലെത്തിയപ്പോള്‍ നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ താലപ്പൊലിയോടെ എതിരേറ്റു. തുടർന്ന് കുഴുപ്പിള്ളി ബീച്ചിൽ ഘോഷയാത്ര സമാപിച്ചു.
ഫോക്ക്‌ലോർ ഫെസ്റ്റ് വൈപ്പിൻ മണ്ഡലത്തെ ലോകസംസ്‌കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തും: ഹൈബി ഈഡൻ എംപി
വൈപ്പിന്‍: വൈപ്പിൻകരയുടെ തനതും വ്യത്യസ്‌തവുമായ സംസ്‌കാരവും ജീവിതവും ആഗോളതലത്തിൽ അടയാളപ്പെടുത്താൻ ഫോക്ക്‌ലോർ ഫെസ്റ്റ് ഉതകുമെന്ന് ഹൈബി ഈഡൻ എംപി. വൈവിധ്യമാര്‍ന്ന വൈപ്പിന്‍ മണ്ഡലത്തില്‍ ആവിഷ്‌കരിച്ച ഫെസ്റ്റ് സാംസ്‌കാരിക മുന്നേറ്റത്തിന് ഊര്‍ജം പകരും. ഫോക് ലോര്‍ ഫെസ്റ്റ് ഘോഷയാത്ര ഗോശ്രീ ജങ്ഷനില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു എംപി.
പരമ്പരാഗത കലയുടെയും സാംസ്‌കാരിക കൂട്ടായ്‌മയുടെയും ഹബ്ബാക്കി വൈപ്പിൻകരയെ മാറ്റാന്‍ ഫെസ്റ്റ് ഉപകരിക്കും. ഇക്കാര്യത്തില്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎൽഎ സ്വീകരിച്ച അതിയത്നപൂർണ നിലപാട് ശ്ലാഘനീയമാണ്. ബീച്ചുകളെ സജീവമാക്കുക, അന്യംനിന്ന കലാരൂപങ്ങളെ പുനരുദ്ധരിക്കുക എന്നിങ്ങനെ പ്രദേശത്തിന്റെ സമഗ്രവികസനത്തിനു വഴിയൊരുക്കാനും ഇതെല്ലാം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും കഴിയട്ടെയെന്നും ഹൈബി ഈഡൻ പറഞ്ഞു.
ഫെസ്റ്റ് ചെയർമാൻ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ജനറൽ കണ്‍വീനര്‍ എ പി പ്രിനില്‍ സ്വാഗതം പറഞ്ഞു. കുഡുംബി മഹാസഭ പ്രസിഡന്റ് പി ജി രമേശ് സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ഡോ. കെ കെ ജോഷി, അഡ്വ. എ ബി സാബു, എം സി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ഫെസ്റ്റ് ഭാരവാഹികളായ എം പി പ്രശോഭ്, ബോണി തോമസ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ഫോട്ടോക്യാപ്‌ഷൻ
ഫോക് ലോര്‍ ഫെസ്റ്റ് ഘോഷയാത്ര ഗോശ്രീ ജങ്ഷനില്‍ ഹൈബി ഈഡൻ എംപി ഫ്ളാഗ് ഓഫ് ചെയ്യുന്നു. കെ എ സാജിത്ത്, പി ജി രമേശ്, എ പി പ്രനിൽ, കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, രസികല പ്രിയരാജ്, അഡ്വ എ ബി സാബു, എം സി സുനിൽകുമാർ സമീപം.