തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കുമുള്ള – ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് – കെട്ടിടങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പരിശോധന സംബന്ധിച്ച ദ്വിദിന പരിശീലന പരിപാടി സമാപിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു.

ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ക്കായാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലനം സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.സി. സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മാലിന്യ സംസ്‌കരണ സമീപനത്തെ സംബന്ധിച്ച് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളെ സംബന്ധിച്ച് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ജി. അഭിജിത്ത്, ഖരമാലിന്യ പരിപാലനം, ദ്രവ മാലിന്യ പരിപാലനം എന്നീ വിഷയങ്ങളില്‍ അസി. എക്‌സി. എഞ്ചിനീയര്‍മാരായ എം.കെ. വിനോദ്, ടി.വി. അനില്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എന്‍. കൃഷ്ണന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷരീഫ്, അസി. കോര്‍ഡിനേറ്റര്‍ സി. ദീപ എന്നിവര്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലനത്തില്‍  196 പേര്‍ പങ്കെടുത്തു.