ആലപ്പുഴ: കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദുരന്തനിവാരണ നിയമപ്രകാരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവായി.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

1. ഇന്നു (ഡിസംബര്‍ 30) മുതല്‍ 2022 ജനുവരി രണ്ടു വരെ രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ആളുകള്‍ കൂട്ടം കൂടുന്നതും നിരോധിച്ചു.

2. രാത്രി 10നു ശേഷം കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

3. പുതുവത്സരാഘോഷങ്ങള്‍ രാത്രി 10നു ശേഷം അനുവദിക്കില്ല.

4. അടച്ചിട്ട സ്ഥലങ്ങളില്‍ കോവിഡ് 19 ഒമിക്രോണ്‍ വകഭേദം കൂടുതല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ വായുസഞ്ചാരം ഉറപ്പാക്കിയും കൃത്യമായ സാമൂഹിക അകലം പാലിച്ചും മാത്രമേ ഇന്‍ഡോര്‍ പരിപാടികള്‍ നടത്തുവാന്‍ പാടുള്ളു.

5. ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുവാന്‍ പാടില്ല.

6. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ദക്ഷണശാലകള്‍, തീയേറ്ററുകള്‍ എന്നിവിടങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.

7. പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

8. നിശ്ചിത ഇടവേളകളില്‍ ആളുകള്‍ക്ക് കൈ കഴുകുന്നതിനും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിനും എല്ലാ സ്ഥാപനങ്ങളിലും സജ്ജീകരണം ഉറപ്പാക്കേണ്ടതാണ്.

ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കേരള സാംക്രമിക രോഗനിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.