സംസ്ഥാനത്തെ മുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഭൂമിയും പണവുമുള്ള സന്മനസുള്ളവര്‍ മുന്നോട്ടുവന്നാല്‍ കിടപ്പാമില്ലാത്ത നിരവധി ജനങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഭൂ-ഭവനരഹിതര്‍ക്കു വീടിനായി ഭൂമി കണ്ടെത്തുന്ന ലൈഫ് മിഷന്‍ പദ്ധതിയായ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനവും ധാരണാപത്രം കൈമാറലും എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈഫ് മിഷന്റെ ഭാഗമായി ഇതുവരെ 2.75 ലക്ഷം പേര്‍ക്ക് വീട് നല്‍കുവാന്‍ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഓരോ വര്‍ഷവും ഒരു ലക്ഷംപേര്‍ക്കു വീട് ലഭ്യമാക്കുവാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂമിയും വീടുമില്ലാത്ത ലക്ഷക്കണക്കിന് ആളുകളുണ്ട്. 7500 കോടി രൂപ ഭൂമിക്കു വേണ്ടി മാത്രംവരും. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ മതിയാവില്ല. സന്മമനസുള്ളവര്‍ ഭൂമിയായും പണമായും വീടില്ലാത്തവരെ സഹായിച്ചാല്‍ നിരവധിപേരുടെ കണ്ണീരൊപ്പാന്‍ കഴിയും. ഭൂ-ഭവനരഹിതര്‍ക്കു സഹായത്തിനാണ് ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാമ്പയിന്‍ ആരംഭിക്കുന്നതിന് മുന്നേ 1010 സെന്റ് ഭൂമി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസിയായ പി.ബി സമീര്‍ എന്നിവരില്‍നിന്നും ലഭിച്ച സഹായം മാതൃകാപരവും പ്രോത്സാഹജനകവുമാണെന്നും ഇനിയും ഇതുപോലെയുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതു മാതൃകയായികണ്ടു സഹായിക്കാന്‍ കഴിയുന്ന എല്ലാവരും ഈ ക്യാമ്പയിനില്‍ അണിചേരണമെന്നും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.