പട്ടികജാതി പട്ടികവർഗ കോർപ്പറേഷൻ നാളിതുവരെ വിതരണം ചെയ്ത പഴയ ഭവന നിർമ്മാണ വായ്പകളുടെ പലിശയും പിഴ പലിശയും റദ്ദാക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ വികസന ദേവസ്വം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ചേലക്കര മണ്ഡലത്തിൽ സംഘടിപ്പിച്ച വായ്പാ വിതരണ പരിചയപ്പെടുത്തൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972 മുതൽ നാളിതുവരെ വിതരണം ചെയ്ത വായ്പകളിലെ കടം എഴുതി തള്ളി പണയപണ്ടങ്ങളായ ആധാരമെല്ലാം തിരികെ നൽകും. മുഴുവൻ പലിശ തുകയും കോർപ്പറേഷൻ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായ്പകളിൽ 47 ശതമാനവും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിതരണം ചെയ്ത കോർപ്പറേഷനെ മേളയിൽ മന്ത്രി അഭിനന്ദിച്ചു. മേളയിൽ ഒരു കോടിയിൽപരം രൂപയുടെ വായ്പാ വിതരണവും വായ്പാ പദ്ധതികളുടെ പരിചയപ്പെടുത്തലും നടത്തി. ചേലക്കര ജാനകി റാം ഓഡിറ്റോറിയത്തിൽ നടന്ന മേളയിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ് മുഖ്യാതിഥിയായി. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എം എ നാസർ, മാനേജർ പി എസ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.