ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ചിത്താരി കിടാരി പാര്‍ക്ക് സന്ദര്‍ശിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ പി.വി സുരേഷ് കുമാര്‍, ക്ഷീര വികസന വകുപ്പ് ജോ. ഡയറക്ടര്‍ കെ.ശശികുമാര്‍, ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ, ക്ഷീര വികസന ഓഫീസര്‍ മനോഹരന്‍, ചിത്താരി ക്ഷീര സംഘം പ്രസിഡന്റ് കൃഷ്ണന്‍, ക്ഷീര സംഘം സെക്രട്ടറി പ്രജീഷ്, ഗോവിന്ദന്‍ വള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

കിടാരി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കെ.ഗിരിജ, സി.ഷീബ എന്നീ രണ്ട് കര്‍ഷകര്‍ക്കുള്ള പശുക്കളെ മന്ത്രി വിതരണം ചെയ്തു. വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കിടാരി പാര്‍ക്ക് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു.

2.5 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ പശുക്കള്‍, മുട്ടകോഴികള്‍,തീറ്റപ്പുല്‍ കൃഷി, ചാണകപ്പൊടി വില്‍പന എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പാര്‍ക്കില്‍ പശുക്കള്‍ക്ക് ആവശ്യമായ തീറ്റപ്പുല്ല്, അവിടെത്തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. 200 ലിറ്റര്‍ പാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

2018 – 19 വര്‍ഷത്തെ ക്ഷീര വകുപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച പാര്‍ക്കില്‍ ഇതുവരെ 88 പശുക്കളുടെ വില്‍പന നടത്തി. കിടാരികളെ വളര്‍ത്തി പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും വില്‍ക്കുന്ന പദ്ധതിയാണ് ഇവിടെ നടത്തുന്നത്.