ക്യാൻ തൃശൂർ: രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് രൂപരേഖയായി

കാൻസർ രോഗ പ്രതിരോധ പ്രവർത്തന- ചികിത്സാ പദ്ധതിയായ ക്യാൻ തൃശൂരിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് രൂപരേഖയായി. 2022 ജനുവരി ആദ്യവാരത്തിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

താലൂക്ക് ആശുപത്രികൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് കാൻ തൃശൂർ പദ്ധതി വിജയിപ്പിക്കാനാണ് തീരുമാനം. ജനങ്ങളിൽ കാൻസർ അവബോധം ഉണ്ടാക്കിയെടുക്കുക, അതിനെ പ്രതിരോധിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 10 മുതൽ പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ജനുവരി 15ന് ജില്ലയിലെ ആദ്യ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. മാർച്ച് 10 നുള്ളിൽ രോഗികളുടെ പട്ടിക തയ്യാറാക്കി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് 362 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് വിഹിതം 10 ലക്ഷം, ഗ്രാമപഞ്ചായത്തുകൾ 2 ലക്ഷം വീതം 172 ലക്ഷം, ബ്ലോക്ക് പഞ്ചായത്തുകൾ 5 ലക്ഷം വീതം 80 ലക്ഷം, നഗരസഭകൾ 10 ലക്ഷം വീതം 70 ലക്ഷം, തൃശൂർ നഗരസഭ 15 ലക്ഷം, വകുപ്പുതല ഫണ്ട് 15 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ച തുക.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, പദ്ധതി നോഡൽ ഓഫീസർ പി കെ രാജു, ആരോഗ്യ സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.