‘ഹോപ്പ് ഫെസ്റ്റിന്’ സമാപനം

ഉദാത്ത വ്യക്തിത്വത്തിന് കലകളെ പരിപോഷിപ്പിക്കണം: മന്ത്രി ആർ ബിന്ദു

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ‘ഹോപ്പ് ഫെസ്റ്റ്’ നാടകോത്സവം സമാപിച്ചു. കേരള സംഗീത നാടക അക്കാദമി അങ്കണത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഉദാത്ത വ്യക്തിത്വത്തിന് കലകളെ പരിപോഷിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. മനുഷ്യമനസിനെ നേർവഴിയിലെത്തിക്കാൻ കലകൾക്ക് കഴിയും. നാടിൻ്റെ ആഘോഷമായി കലകൾ വളരുന്നതിന് സമൂഹം ഒറ്റക്കെട്ടാകണമെന്നും ബിന്ദു വ്യക്തമാക്കി.

ചടങ്ങിൽ സംഗീത നാടക അക്കാദമി വൈസ്ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി, നിർവാഹക സമിതി അംഗം വി ടി മുരളി, ജോർജ് എസ് പോൾ തുടങ്ങിയവര്‍ പങ്കെടുത്തു. തുടർന്ന് പ്രത്യേക സംഗീത പരിപാടിയും അരങ്ങേറി.

ഡിസംബര്‍ 29 മുതല്‍ 31 വരെ സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി അക്കാദമി സംഘടിപ്പിച്ച മേളയാണ് ഹോപ്പ് ഫെസ്റ്റ്. ഹോപ്പ്ഫെസ്റ്റിന് മുന്നോടിയായി ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇറ്റ്‌ഫോക്ക് നാടകോത്സവത്തിന്റെ കഴിഞ്ഞ 12 എഡിഷനുകളിലെ അമൂല്യ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനം നാടകപ്രേമികള്‍ക്ക് ഗൃഹാതുര സ്മരണയുണർത്തുന്നതാണ്.
രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. ഡിസംബര്‍ 25 ന് ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം 2022 ജനുവരി 5 ന് സമാപിക്കും.