കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് ജില്ലയില്‍ തുടക്കം. സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ എം. മുകേഷ് എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡ പാലനത്തില്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാണ് കുട്ടികള്‍. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടും രോഗവ്യാപനം ഉണ്ടാകാത്തതിന്റെ കാരണവും ഇതു തന്നെയാണ്. വാക്‌സിനേഷന്‍ കൂടി നേടിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് സുരക്ഷിതരായി തുടരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. പി. കെ. ഗോപന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ, ആര്‍. സി. എച്ച് ഓഫീസര്‍ ഡോ. എം. എസ്. അനു, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി  തുടങ്ങിയവര്‍ പങ്കെടുത്തു.
ആഴ്ചയില്‍ ആറ് ദിവസം കുട്ടികള്‍ക്കുള്ള കോവാക്‌സിന്‍ വിതരണത്തിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും വാക്‌സിനേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നു. കോവിന്‍ പോര്‍ട്ടല്‍/ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനുമുണ്ട് എന്ന് ഡി. എം. ഒ വ്യക്തമാക്കി.