കോവിഡ് മഹാമാരി നിലനിൽക്കുമ്പോഴും തൊഴിൽമേഖലയിൽ ഉൾപ്പെടെ അവസരസമത്വം ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. മണ്ട്രോത്തുരുത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച ‘തൂലിക തുരുത്ത്’ യുവ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ പുതിയ വകഭേദങ്ങൾ ലോകത്തിലെ ആകെ ക്രമംതെറ്റി ക്കുകയാണ്. തൊഴിൽ മേഖലയിൽ ആണ് ഇതിന്റെ പ്രതിഫലം ഏറ്റവും കൂടുതൽ. വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന അന്തരീക്ഷം അവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. എന്നാൽ മറുഭാഗത്ത് സാങ്കേതികതയുടെ വളർച്ച ഗുണകരം മാറ്റങ്ങൾക്കും ഇടയാക്കുന്നു. പുതിയ തൊഴിൽ മേഖലകൾ ഉണർവോടെ മുന്നോട്ടു വരികയാണ്. ഏതു സാഹചര്യത്തിലും അവസരങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുകയാണ് സർക്കാർ. വലിയ വികസന പദ്ധതികളുടെ പിന്നിലും അവസരങ്ങളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പുതുതലമുറ സാഹിത്യത്തിലായാലും ജീവിതത്തിലായാലും മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോവൂർ കുഞ്ഞുമോൻ എം. എൽ. എ. അധ്യക്ഷനായി. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. ജയചന്ദ്രൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി. എസ്. ബിന്ദു, യൂത്ത് കോർഡിനേറ്റർ എസ്. ഷബീർ, ക്യാമ്പ് ഡയറക്ടർ കുരീപ്പുഴ ശ്രീകുമാർ, യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല തുടങ്ങിയവർ പങ്കെടുത്തു.