സ്ത്രീ സമത്വത്തിനായി സാസ്‌കാരിക മുന്നേറ്റം അനിവാര്യമായ കാലഘട്ടമാണിതെന്നും തുല്യ നീതിക്കായുള്ള സമം എന്ന മികച്ച ആശയം വയനാട് പോലുള്ള പിന്നാക്ക ജില്ലയിലെ സ്ത്രീ മുന്നേറ്റത്തിന് കരുത്താകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. എ.പി.ജെ ഹാളില്‍ സമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വളര്‍ന്നു വരുന്ന യാഥാസ്ഥിതിക മനോഭാവം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇതിനെതിരെയുള്ള സര്‍ക്കാരിന്റെ ബൃഹത്തായ സാംസ്‌കാരിക വിദ്യാഭ്യാസ ബോധന പരിപാടിയാണ് സമം എന്ന പേരില്‍ ഒരു വര്‍ഷം നടപ്പാക്കുന്നത്. ലിംഗ നീതിയും തുല്യ പങ്കാളിത്തവും കുടുംബത്തിന്റെ അകത്തും സമൂഹത്തിലും സാധ്യമാകണം. അതിക്രമങ്ങളെ നിയമം കൊണ്ട് മാത്രം നേരിടാനാകില്ലെന്നും സ്ത്രീശാക്തീകരണമാണ് ലക്ഷ്യമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. വനിത മുന്നേറ്റത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.എസ്.നിഷ, കെ.ഷബിത, സുമ പള്ളിപ്പുറം, എസ്.സജ്‌ന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ വി.അബൂബക്കര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം പി.എം.ഷബീറലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി.ഷണ്‍മുഖന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പുത്തിയില്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.വി.ആശമോള്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംഘാടനത്തിലാണ് ജില്ലയില്‍ സമം ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

*സമം ആദരവ് ഏറ്റുവാങ്ങി നാല് വനിതകള്‍*
സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ടവഴിയില്‍ ജില്ലയുടെ അഭിമാനമായ നാല് വനിതകളെ സമം ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. അന്ധതയെ അക്ഷരങ്ങള്‍ കൊണ്ട് അതിജീവിച്ച എഴുത്തുകാരിയായ പി.എസ്.നിഷ, സാമൂഹ്യ പ്രവര്‍ത്തകയായ കെ.ഷബിത, ബാലസാഹിത്യകൃതികളുടെ രചയിതാവ് സുമ പള്ളിപ്പുറം, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം എസ്.സജ്‌ന എന്നിവർ ആദരവ് ഏറ്റുവാങ്ങി.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ മുന്‍നിരയില്‍ പി.എസ് നിഷ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ജീവിതമാകെ തകര്‍ക്കുമെന്ന് കരുതിയ രോഗത്തോട് പൊരുതി ആത്മവിശ്വാസവും ധൈര്യവും മുറുകേ പിടിച്ചാണ് ഷബിത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതയാവുന്നത്. വനിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ എന്നി മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചു.

ആറ് ഗോത്രഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ‘എന്റെ സ്വകാര്യ ദുഖം’ എന്ന ബാല സാഹിത്യ കൃതിയുടെ രചയിതാവാണ് സുമപള്ളിപ്പുറം. കുട്ടികവിതകള്‍, പാചക പുസ്തക രചന എന്നിവയില്‍ പ്രശസ്തയാണ്. സാമൂഹ്യ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം,നദീ സംരക്ഷണം, മദ്യനിരോധന പ്രവര്‍ത്തനം, തുടങ്ങിയ മേഖലകളില്‍ മികച്ചച പ്രവര്‍ത്തനം കാഴ്ച വെച്ചതിനാണ് അംഗീകാരം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുക എന്ന നിശ്ചയ ദാര്‍ഢ്യത്തോടെ പരിശീലനം തുടങ്ങി ഗ്രീന്‍, റെഡ് ടീമുകളില്‍ ഇടംപിച്ച എസ്. സജന ഇന്ത്യന്‍ ചലഞ്ചര്‍ ട്രോഫിക്ക് വേണ്ടി കളിച്ചു. കേരളാവനിതാ അണ്ടര്‍ 23 ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ ചാമ്പ്യന്‍ഷിപ്പ് കീരീടനേട്ടത്തിന്റെ അമരക്കാരിയായി. ഇപ്പോള്‍ കേരളാ വനിതാ സീനിയര്‍ ക്രിക്കറ്റ് ടീം അംഗമാണ്.