*മൂന്നാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ്പ് ആരംഭിച്ചു
കണ്ണൂര്‍: ശാസ്ത്രീയതയുടെ അടിസ്ഥാനത്തില്‍ യോഗയെ കായിക ഇനമായി കണ്ട് അതില്‍ പങ്കാളികളാകാന്‍ ജനങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് കായിക-വ്യവസായ-യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയതയിലേക്ക് പോകാതെ, യോഗയെ നാടിന്റെ പൊതു സ്വത്തായി കണ്ട് മതനിരപേക്ഷമായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യോഗ അസോസിയേഷനും, ജില്ലാ അസോസിയേഷനുകളും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നിസ്തുലമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കേരളത്തില്‍ യോഗയ്ക്ക് വലിയ അംഗീകാരം ലഭിച്ചത്. യോഗയെ വ്യത്യസ്ത ജനവിഭാഗങ്ങളിലേക്ക് എത്തിക്കാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യകരമായ ജീവിതരീതിയ്ക്കു വേണ്ടി യോഗയെ പ്രയോജനപ്പെടുത്താനുള്ള വിപുലമായ പദ്ധതികളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. 15 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ യോഗ ചാംപ്യന്‍ഷിപ്പ് സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന സാഹചര്യത്തില്‍ യോഗയെ കേരള ടൂറിസത്തിന്റെ പ്രചരണത്തിനു കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരുന്നു.
യോഗ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബി ബാലചന്ദ്രന്‍ പതാക ഉയര്‍ത്തി. യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍ മുഖ്യാതിഥിയായി. ദേശീയ ഫെഡറഷന്‍ കപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശ്രേയ ആര്‍ നായര്‍ക്ക് മന്ത്രി എ സി മൊയ്തീന്‍ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. കെ കെ രാഗേഷ് എം പി, റബ്‌കോ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. കെ രാജഗോപാലന്‍, യോഗ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഞ്ഞൂറോളം മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന യോഗ ചാമ്പ്യന്‍ഷിപ്പിന്റെ സമാപനസമ്മേളനം നാളെ (ജൂലൈ 29) വൈകീട്ട് മൂന്നു മണിക്ക് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.