കേരളത്തെ വാനോളം പുകഴ്ത്തി യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍. മൂന്നാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം നാടായ ഹരിയാനയാണ് ഇന്ത്യയിലെ മികച്ച സംസ്ഥാനം എന്നാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതിയത്. എന്നാല്‍ യോഗയുടെ പ്രചാരണം ഉള്‍പ്പെടെ എല്ലാ മേഖലകളിലും കേരളമാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമെന്നാണ് ഇനി താന്‍ പറയുകയെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാന സര്‍ക്കാറില്‍ 38 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷമാണ് താന്‍ യോഗ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചത്. അവിടത്തെ കായികമന്ത്രിയുമായി സൗഹാര്‍ദ്ദപരമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കേരളത്തിലെ മന്ത്രിമാര്‍ അങ്ങനെയല്ല. താന്‍ കാണാനെത്തിയപ്പോള്‍ ഇവിടത്തെ മുഖ്യമന്ത്രിയും കായികമന്ത്രിയും കസേരയില്‍ നിന്ന് എഴുന്നേറ്റ് പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. കേരള യോഗ അസോസിയേഷന്‍ ഭാരവാഹികള്‍ തയ്യാറാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഗോവയില്‍ നടത്താനിരുന്ന ഏഷ്യന്‍ യോഗ ചാംപ്യന്‍ഷിപ്പ് കേരളത്തിലേക്ക് മാറ്റിയത്. അതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍ മത്സരാര്‍ത്ഥികളുടെ താമസത്തിനും ഭക്ഷണത്തിനും വേണ്ട തുക അനുവദിക്കാനായി അതിനു വേണ്ട ചെലവുകളെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ആതിഥേയത്വം തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനും കേരളത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിനും ഒരു രൂപ പോലും നല്‍കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഇന്ത്യയുടെ സംസ്‌കാരം, ഇതാണ് കേരളത്തിന്റെ സംസ്‌കാരം. -അശോക് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

യോഗ ഫെഡറഷന്‍ ഓഫ് ഇന്ത്യയുടേയും ഏഷ്യന്‍ യോഗ ഫെഡറേഷന്റേയും പ്രസിഡന്റാണ് അശോക് കുമാര്‍ അഗര്‍വാള്‍.