എറണാകുളം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ 50 പേരെ മാത്രമായിരിക്കും പങ്കെടുപ്പിക്കുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പാലനവും ഉറപ്പു വരുത്തും. കോവിഡ് വ്യാപന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല.

നാലു പ്ലാറ്റൂണുകള്‍ ചടങ്ങില്‍ അണിനിരക്കും. മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരിക്കില്ല. സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്സ്, ഗൈഡ്സ്, എന്‍.സി.സി എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. തെര്‍മല്‍ സ്‌കാനിംഗ് നടത്തിയായിരിക്കും ക്ഷണിതാക്കളെയും സേനാംഗങ്ങളെയും ചടങ്ങില്‍ പങ്കെടുപ്പിക്കുക. രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും.
എഡിഎം എസ്.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു