സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ എന്നിവ നിറഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശുപത്രികൾ സുസജ്ജമാണ്.

സർക്കാർ വളരെ കൃത്യമായി  മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ആശുപത്രി കിടക്കകൾ, ഐസിയുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കകൾ എന്നിവയെല്ലാം വലിയ രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ശരാശരി 1,95,258 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 0.7 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. പകർച്ചവ്യാധി സമയത്ത് ജനങ്ങളിൽ ആശങ്കയുളവാക്കുന്ന വാർത്തകൾ ഒഴിവാക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ ആകെ 3107 ഐസിയു ഉള്ളതിൽ 43.3 ശതമാനം മാത്രമാണ് കോവിഡ്, നോൺ കോവിഡ് രോഗികളുള്ളത്. വെന്റിലേറ്ററിൽ ആകെ 13.1 ശതമാനം മാത്രമാണ് കോവിഡ്, നോൺ കോവിഡ് രോഗികളുള്ളത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 206 ഐസിയുകളാണുള്ളത്. തിരുവനന്തപുരത്ത് 40 ഐസിയു കിടക്കകളാണ് കോവിഡിനായി മാറ്റിവച്ചിട്ടുള്ളത്. എന്നാൽ ഇവിടെ 20 കോവിഡ് രോഗികൾ മാത്രമേ ഐസിയുവിലുള്ളൂ. രോഗികൾ കൂടുകയാണെങ്കിൽ നോൺ കോവിഡ് ഐസിയു ഇതിലേക്ക് മാറ്റും. തിരുവനന്തപുരം 206, എസ്എടി ആശുപത്രി 31, കൊല്ലം 68, ആലപ്പുഴ 150, കോട്ടയം 237, ഇടുക്കി 50, എറണാകുളം 54, തൃശൂർ 120, മഞ്ചേരി 80, കോഴിക്കോട് 256, കണ്ണൂർ 165 എന്നിങ്ങനെയാണ് വിവിധ മെഡിക്കൽ കോളേജുകളിൽ ഐസിയു കിടക്കകളുള്ളത്. തിരുവനന്തപുരം 20, എസ്എടി ആശുപത്രി 1, കൊല്ലം 15, ആലപ്പുഴ 11, കോട്ടയം 20, ഇടുക്കി 13, എറണാകുളം 10, തൃശൂർ 7, മഞ്ചേരി 53, കോഴിക്കോട് 14, കണ്ണൂർ 24 എന്നിങ്ങനെയാണ് ചികിത്‌സയിലുള്ള രോഗികളുടെ എണ്ണം.

വെന്റിലേറ്ററുകൾ ഉപയോഗിക്കുന്ന രോഗികളുടെ എണ്ണവും വളരെ കുറവാണ്. തിരുവനന്തപുരത്ത് കോവിഡ് രോഗികൾക്കായി മാറ്റിവച്ച ആകെയുള്ള 40 വെന്റിലേറ്ററുകളിൽ 2 എണ്ണത്തിൽ മാത്രമാണ് കോവിഡ് രോഗികളുള്ളത്. കോഴിക്കോട് കോവിഡ് രോഗികൾക്കായി മാറ്റിവച്ച 52 വെന്റിലേറ്ററുകളിൽ 4 കോവിഡ് രോഗികൾ മാത്രമാണുള്ളത്. ഇത്രയേറെ സംവിധാനങ്ങൾ ഉള്ള സമയത്ത് തെറ്റായ വാർത്ത നൽകരുതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഒഴിഞ്ഞുകിടക്കുന്ന നോൺ കോവിഡ് ഐസിയു, വെന്റിലേറ്ററുകൾ ഉപയോഗിക്കും. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പടരാതിരിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ കോവിഡിന്റെ ഉറവിടമാകാൻ പാടില്ല. സുരക്ഷാമാർഗങ്ങൾ കൃത്യമായി പാലിക്കണം. കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും 83 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. അതിനാൽ ഭൂരിപക്ഷം പേർക്കും രോഗ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. വാക്സിനെടുത്തവർക്ക് രോഗം വന്നാലും തീവ്രമാകാനുള്ള സാധ്യത കുറവാണ്. പ്രായമായവർക്കും മറ്റനുബന്ധ രോഗമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും വാക്സിനെടുത്താലും രോഗം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ അവർക്ക് കരുതൽ നൽകുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.