കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാവരും ഇതിൽ പങ്കെടുത്ത് ഈ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
എല്ലാവർക്കും ഒരുപോലെ പ്രയോജനകരമായ രീതിയിൽ ഓൺലൈൻ ആയാണ് സെഷനുകൾ ക്രമീകരിച്ചരിക്കുന്നത്. ജനുവരി 26 ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ പൊതുജനങ്ങൾക്ക് ഓൺലൈൻ ആയി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും ഇതിൽ പങ്കെടുക്കാം. ഈ ക്യാമ്പയിനിൽ https://youtu.be/sFuftBgcneg എന്ന യൂട്യൂബ് ലിങ്കിലൂടെ പങ്കെടുക്കാം.
വയോജന സംരക്ഷണം – പരിചരണം, ഗൃഹ പരിചരണം, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് അവബോധ പരിപാടി. ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിപിൻ ഗോപാൽ, കൊല്ലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡിയാട്രിക്സ് വിഭാഗം അസോ. പ്രൊഫസർ ഡോ. ഷീജ സുഗുണൻ, കോഴിക്കോട് മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം മേധാവി ഡോ. ചാന്ദിനി എന്നിവർ ക്ലാസുകളെടുക്കും.