സൗരോർജ് ഉത്പാദനം വർധിപ്പിക്കുന്നതിനായുള്ള സർക്കാർ പദ്ധതിയായ ‘സൗര’ പുരപ്പുറ സൗരോർജ പദ്ധതിയുടെ നിർവഹണത്തിൽ ഏർപ്പെട്ട ഡെവലപ്പർമാർക്ക് സബ്സിഡി തുക കൈമാറി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തുക വിതരണം ചെയ്തു. ആദ്യ ഘട്ട പദ്ധതി നിർവഹിച്ച ഹൈവ് സോളാർ, കോണ്ടാസ് ഓട്ടോമേഷൻ എന്നീ ഡെവലപ്പർമാർ മന്ത്രിയിൽനിന്നു സബ്സിഡി രേഖകൾ ഏറ്റുവാങ്ങി.

കേന്ദ്ര നവ പുനരുപയോഗ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണു സൗര പദ്ധതി നടപ്പാക്കുന്നത്. മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന ബെഞ്ച്മാർക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലാണു സബ്സിഡി നൽകുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1.952 മെഗാ വാട്ട് സൗര സ്ഥാപിതശേഷിയുടെ 507 സൗര നിലയങ്ങളാണു പൂർത്തിയായത്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഡെവലപ്പർമാർക്കാണു സബ്സിഡി തുക കൈമാറിയത്.
ഗാർഹിക ഉപയോക്താക്കൾക്കുള്ള സൗരോർജ നിലയ സബ്സിഡി പദ്ധതിയിൽ ഇതുവരെ 4.169 മെഗാ വാട്ട് ശേഷിയുടെ 1018 നിലയങ്ങളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.