അടൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പതിനഞ്ച് ദിവസം കൂടുമ്പോള്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ നിയോജകമണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് , എംഎല്‍എ സ്പെഷ്യല്‍ ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനു ചേര്‍ന്ന അവലോകന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കരുതെന്നും ജനങ്ങളുടെ ആവശ്യങ്ങൾ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചില പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നുണ്ട്. അവയെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എയുടെ ആസ്തിവികസനഫണ്ടിലുള്‍പ്പെട്ട വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണവും മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.
മണ്ഡലത്തില്‍ നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറരുതെന്നു ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ പതിനഞ്ച് ദിവസങ്ങളുടെ ഇടവേളകളില്‍ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും പുരോഗതി സംബന്ധിച്ച എല്ലാ വിവരങ്ങളും എംഎല്‍എമാരേയും ജില്ലാ കളക്ടറേയും അറിയിക്കണമെന്നും കളക്ടര്‍.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിസി (ജനറല്‍) കെ.കെ വിമല്‍ രാജ്, ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാര്‍, മറ്റ് ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.