ലൈഫ് മിഷന്റെ കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ടത്തിന്റെ ഒന്നാം ഗഡു വിതരണോദ്ഘാടനം
വലിയ തകര്‍ച്ച നേരിട്ടിരുന്ന കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ കരകയറ്റാന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്ന് പട്ടിക ജാതി- വര്‍ഗ്ഗ പിന്നാക്കക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. സ്വകാര്യ മേഖലയെക്കാള്‍ മേന്മയുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ മേഖലയില്‍ എന്ന് തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയാണെന്നും മന്ത്രി പറഞ്ഞു. നവകേരള മിഷന്റെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ജത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. നവകേരളം മിഷന്റെ ഭാഗമായുള്ള ലൈഫ് മിഷന്റെ കാവശ്ശേരി ഗ്രാമ പഞ്ചായത്തിലെ രണ്ടാംഘട്ടത്തിന്റെ ഒന്നാം ഗഡു വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി എ.കെ. ബാലന്‍. പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്താന്‍ ഒരു മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഒരു കോടി ചെലവഴിച്ച് മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്താനുള്ള പദ്ധതി തുടങ്ങി. സംസ്ഥാനത്ത് 48,000 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് റൂമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ നല്‍കുന്ന തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. നാല് ലക്ഷം രൂപ കൊണ്ട് വീട് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുണ്ടാവുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് സര്‍ക്കാര്‍ വീട് നിര്‍മാണത്തിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാര്‍ വായ്പയെടുത്താണ് പദ്ധതികള്‍ നടപ്പാക്കുന്നത്. അതിനാല്‍ തന്നെ സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.
പഞ്ചായത്ത് തെരഞ്ഞെടുത്ത 142 കുടുംബങ്ങളില്‍ 110 പേര്‍ക്കാണ് ആദ്യ ഗഡുവായി 40,000 രൂപ കൈമാറിയത്്. 2018-19 വര്‍ഷത്തില്‍ 50,10,000 രൂപ പഞ്ചായത്ത് ലൈഫ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്്. കാവശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഭാമ അധ്യക്ഷയായ പരിപാടിയില്‍ പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അനുമോദിച്ചു. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസഥന്‍ കൂടിയായ കെ. ബാകൃഷ്ണനെയും പരിപാടിയില്‍ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സയിദാബീഗം, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.