പട്ടികജാതി-വര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ താല്‍പര്യമുളളവരാണെങ്കില്‍ ഏതുതലംവരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പട്ടികജാതി പട്ടികവര്‍ഗ നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെയും, പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ബാച്ചുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ഉള്ള സൗകര്യംവരെ സര്‍ക്കാര്‍ ഒരുക്കി നല്‍കും. വിദേശത്തെ വ്യവസായികളായ മലയാളികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്. അവര്‍ക്ക് വേണ്ട തൊഴില്‍ പരിശീനം നമ്മുടെ പിന്നാക്കവിഭാഗക്കാരായ അഭ്യസ്തവിദ്യര്‍ക്ക് നല്‍കി വിദേശ ജോലിസാധ്യതകള്‍ ഉണ്ടാക്കും. ഇത്തരത്തില്‍ വിദേശത്ത് പോകുന്നവരുടെ ശമ്പളം ഉള്‍പ്പെടെ വ്യവസായികളുമായി കരാര്‍ ഉണ്ടാക്കുമെന്നും പറഞ്ഞു. ആവശ്യമായ പ്രോത്സാഹനം നല്‍കുന്നത് പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെ വലിയതോതില്‍ ഉയര്‍ത്തുന്നുണ്ട്. വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാവണം. ആദിവാസി സമൂഹത്തിന് മദ്യം, മയക്കുമരുന്ന് എന്നിവയൊക്കെ കിട്ടാന്‍ എളുപ്പമായതുകൊണ്ട് അതില്‍ അകപ്പെടാതെ സൂക്ഷിക്കണം. പഠനകാലത്തെ സ്വന്തം അനുഭവങ്ങളും വിദ്യാഭ്യാസം സൃഷ്ടിക്കുന്ന മാറ്റവും മന്ത്രി വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം രാധാകൃഷ്ണന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, അഗളി ഷോളയൂര്‍ പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാര്‍, രതിന രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്റ്റര്‍ ഡോ. പി പുകഴേന്തി ഐ.എഫ്.എസ്, ഒറ്റപ്പാലം സബ് കലക്റ്റര്‍ ജെറോമിക് ജോര്‍ജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.