അയിരൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ പുതിയ
കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

അയിരൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥികളിലേക്ക് ഉന്നം പിഴയ്ക്കാത്ത സ്വപ്നം കൈമാറാന്‍ അധ്യാപകര്‍ക്ക് സാധിക്കുമ്പോഴാണ് വിദ്യാലയങ്ങള്‍ക്ക് ചരിത്രം നിര്‍മിക്കാന്‍ കഴിയുകയെന്ന് ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഭാവിയില്‍ നല്ല മനുഷ്യരാകാനുള്ള കര്‍മമാണ് സ്‌കൂളുകളില്‍ നടക്കുന്നത്.  റാന്നിയുടെ ഭാവി ക്ലാസ് മുറികളിലാണെന്നും ലോകത്തിന്റെ മാറുന്ന വൈജ്ഞാനിക സാധ്യതകളിലേക്ക് മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ ഉയരുന്നതിനാണ് നോളജ് വില്ലേജ് എന്ന ആശയം നടപ്പാക്കിയതെന്നും എംഎല്‍എ പറഞ്ഞു.

ഇരു നിലകളിലായി എട്ട് ക്ലാസ് റൂമുകളുള്ള സ്‌കൂള്‍ കെട്ടിടം ഒന്നര വര്‍ഷം കൊണ്ട് ഒരു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മിച്ചത്.