സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ യുവതികൾക്കായി 75 ക്ലബ്ബുകൾ ആരംഭിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അവളിടം എന്ന പേരിൽ യുവതികളുടെ സമഗ്ര വികസനത്തിനായി ക്ലബ്ബുകൾ ഒരുങ്ങുന്നത്.

യുവജന ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകളുടെ സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ സുമ ലാൽ ഫെബ്രുവരി 11 ന്  ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഫീസിലെ എപിജെ ഹാളിൽ നിർവഹിക്കും. യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല അധ്യക്ഷനാകും.

യുവതി ക്ലബ്ബുകൾക്ക് പ്രാരംഭ പ്രവർത്തനത്തിനുള്ള ധനസഹായം യുവജനക്ഷേമ ബോർഡ് ലഭ്യമാക്കും. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വനിതകൾക്ക് എതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിന് സാമൂഹ്യ മുന്നേറ്റം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കും. യുവതികളിൽ സംരംഭകത്വം വർധിപ്പിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകും. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സമം പരിപാടിയുടെ നടത്തിപ്പ് യുവതീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആയിരിക്കും . ജില്ലാതലത്തിൽ യുവതി ക്ലബ് അംഗങ്ങൾക്കായി തൊഴിൽ പരിശീലനം തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തൊഴിൽ പരിശീലനം നടത്തുമെന്ന് യുവജന ക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ വി.എസ്.ബിന്ദു ജില്ലാ കോർഡിനേറ്റർ അഡ്വ എസ്. ഷബീർ എന്നിവർ അറിയിച്ചു.