കുട്ടികളുടെ ആശയങ്ങളിലാണ് വരും കാലത്തിന്റെ പ്രതീക്ഷ നിലനില്‍ക്കുന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാരിന്റെ നയം. അതിന് അനുസൃതമായ വികസന കാഴ്ചപ്പാടാണുള്ളത്. ഉല്‍പാദന വര്‍ധനയും കാര്‍ഷിക സമൃദ്ധിയും ലക്ഷ്യമാക്കിയുള്ള വിജ്ഞാന വ്യാപനമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. സ്‌കില്‍ പാര്‍ക്ക് പോലെയുള്ളവ കുട്ടികള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് സാധ്യതകള്‍ ആരായുകയുമാണ്. വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാനത്തെ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ സ്‌കൂള്‍കെട്ടിടം ഉള്‍പ്പെടെ 53 വിദ്യാലയങ്ങള്‍ക്കുള്ള പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. പിന്നാലെയാണ് പൊതുസമ്മേളനം നടത്തിയത്.വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹര്‍ഷകുമാര്‍ അദ്ധ്യക്ഷനായി. മുന്‍ എം. എല്‍. എ അഡ്വ. പി. ഐഷാ പോറ്റി മുഖ്യ  പ്രഭാഷണം നടത്തി.