പൂന്തോപ്പില്‍ ഭാഗം, തലവടി സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി വിദ്യാകരണം പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ നിര്‍മിച്ച പൂന്തോപ്പില്‍ ഭാഗം സര്‍ക്കാര്‍ യു.പി. സ്‌കൂളിന്റെയും തലവടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ മറ്റ് 51 സ്‌കൂളുകളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും നാടിന്റെ എല്ലാ ഭാഗങ്ങളെയും സമഗ്രമായി സ്പര്‍ശിക്കുന്ന വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മുടെ നാടും വികസനത്തിന്റെ പുതിയ വഴികളിലൂടെ മുന്നേറുകയാണ്. 17183 കോടി രൂപ ചിലവിട്ട് കേരളത്തിന്റെ മുഖഛായ മാറ്റുന്ന 1557 പദ്ധതികളാണ് സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായി നിലനില്‍ക്കാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രത തുടരും.

ഭാവി തലമുറകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയോടെ വിദ്യാഭ്യാസ സംവിധാനം സജീവമായി നിലനിര്‍ത്താന്‍ സംസ്ഥാനത്തിന് സാധിച്ചു. പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയെയും ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി.

പൂന്തോപ്പില്‍ ഭാഗം സ്‌കൂളില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.തലവടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എം.എല്‍.എ ശിലാഫലകം ആനാച്ഛാദനം ചെയ്തു.