ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ ഒരു കൂട്ടം കുട്ടികള്‍ കാരുണ്യത്തിന്റെ കനിവുമായി ജില്ലാ കലക്ടര്‍ക്ക് മുന്നിലെത്തി. ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവും അവശ്യവസ്തുക്കളുടെ ശേഖരവുമായി എത്തിയത്.
40,000 രൂപയും ഭക്ഷ്യവസ്തുക്കളും പഠന സാമഗ്രികളും മറ്റു അവശ്യ സാധനങ്ങളും അവര്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന് കൈമാറി. മാധ്യമ വാര്‍ത്തകളിലൂടെയാണ് സേവന സന്നദ്ധരാകാനുള്ള തീരുമാനത്തിലേക്ക് കുട്ടികളെത്തിയത്. സഹായത്തിന്റെ വഴികള്‍ അന്വേഷിക്കുന്നതിനിടെയാണ് സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സംഘടനാ യോഗത്തിലെ ചര്‍ച്ച വഴിതുറന്നത്.
മഴക്കെടുതിയില്‍ അകപ്പെട്ട ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളെ സഹായിക്കാനുള്ള തീരുമാനമാണ് പിന്നീടുണ്ടായത്. ഒരാഴ്ച്ചക്കാലം എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയിലെ അംഗങ്ങള്‍ മറ്റു കുട്ടികളില്‍ നിന്നും സ്‌കൂളിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നും  ധനസമാഹരണം നടത്തി. അരി, പഞ്ചസാര, കുടിവെള്ളം, വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, സോപ്പ്, പേസ്റ്റ് തുടങ്ങിയവയും ശേഖരിച്ചു. പഠന സാമഗ്രികളും സമാഹരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എഫ്. നാസറുദ്ദീന്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏറെപ്പേര്‍ക്ക് ഗുണകരമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സഹായഹസ്തവുമായി കൂട്ടായ്മ ഒരുക്കിയതെന്ന് സംഘാംഗമായ വിഷ്ണു പറഞ്ഞു.
മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം കുട്ടികളില്‍ നിന്നും ഉണ്ടാകുന്നത് പ്രതീക്ഷാവഹമാണെന്നും സംസ്ഥാനത്തിനാകെ ചിതറ സ്‌കൂള്‍ മാതൃകയാണെന്നും ധനസഹായം സ്വീകരിച്ച ജില്ലാ കലക്ടര്‍ പറഞ്ഞു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം പി. ആര്‍. പുഷ്‌കരന്‍, ചിതറ സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, ജില്ലാ വികസന സമിതി അംഗം എം. വിശ്വനാഥന്‍, പി.ടി.എ പ്രസിഡന്റ് സന്തോഷ് കൈലാസ്, അംഗം എം. സെയ്ഫുദ്ദീന്‍, അധ്യാപകരായ അഭിലാഷ്, കബീര്‍, ശൈലേന്ദ്രകുമാര്‍, സജിത എന്നിവര്‍ ചേര്‍ന്നാണ് കലക്ടറുടെ ചേംബറിലെത്തി സഹായം കൈമാറിയത്.
എന്‍.എസ.്എസ് വോളന്റിയര്‍മാരായ ഗോവിന്ദ്, അബിന്‍, ശശാങ്കന്‍, ബേസിത്, സ്റ്റുഡന്റ് പോലീസ് കെഡറ്റുമാരായ എസ്. ആതിര, ആതിര സുരേഷ്, ഫര്‍സാന, പി.എസ്. അഖില്‍, പ്രജിത്ത്, ജിഷ്ണു, റെഡ് ക്രോസ് വോളന്റിയര്‍മാരായ സജിത, അഭിയത്ത് എം. ഷാനവാസ്, ലിറ്റില്‍ കൈറ്റ്‌സ് അംഗം ഫാത്തിമ, സ്‌കൗട്ട്  അംഗം അഗ്രീഷ എന്നിവരും പങ്കെടുത്തു.