ആലപ്പുഴ: ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ 60 വയസിനു മുകളിലുള്ളവരും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരും കൂടുതലായി ഉള്‍പ്പെടുന്നതിനാല്‍ രണ്ടു വിഭാഗങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അറുപത് വയസിനു മുകളില്‍ പ്രായമുള്ളവരും പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് ചികിത്സയിലിരിക്കുന്നവരും ജലദോഷം, ക്ഷീണം മറ്റ് അസ്വസ്ഥകള്‍ എന്നിവ നേരിയ തോതില്‍ ഉണ്ടായാല്‍ പോലും ഉടൻ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ആശുപത്രികളില്‍ ചികിത്സ തേടണം.

വയോജനങ്ങൾക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും കോവിഡുമായി ബന്ധപ്പെട്ട മറ്റ് സങ്കീര്‍ണ്ണതകളുണ്ടായാല്‍ യഥാസമയം ചികിത്സ ഉറപ്പാക്കുന്നതിന് ആശുപത്രിയില്‍ കഴിയേണ്ടത് അനിവാര്യമാണ്. ഇവരുടെ ആരോഗ്യസ്ഥിതി വീട്ടിലെ മറ്റ് അംഗങ്ങള്‍ നിരീക്ഷിക്കുകയും യഥാസമയം പരിശോധനയും കിടത്തി ചികിത്സയും ഉറപ്പാക്കുകയും വേണമെന്നും മെഡിക്കല്‍ ഓഫീസര്‍ നിർദേശിച്ചു.