കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് ഇന്ന് തുടക്കം. രണ്ടു ദിവസങ്ങളിലായി പഞ്ചായത്ത് കേന്ദ്രീകരിച്ച് ദേശീയപാതയിൽ നടക്കുന്ന ‘ഇനിയും വൈപ്പിൻ കരയാതിരിക്കാൻ’ ബോധവത്കരണ കാമ്പയിൻ ആണ് പദ്ധതിയുടെ ആദ്യഘട്ടം. ഇന്ന് എളങ്കുന്നപ്പുഴ, ഞാറക്കൽ, പള്ളിപ്പുറം പഞ്ചായത്തുകളിലെയും നാളെ കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിളെയും നിശ്ചിത കേന്ദ്രങ്ങളിൽ രാവിലെ എട്ടുമുതൽ 11 വരെ കാമ്പയിൻ നടക്കും.

കാളമുക്ക് ജംഗ്‌ഷനിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ കാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കെ ജി ഡോണോ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ പ്രസംഗിക്കും.

ഇതേസമയത്ത് തന്നെ ഞാറക്കൽ ആശുപത്രി ജംഗ്‌ഷനിലും ചെറായി കവലയിലും കാമ്പയിൻ നടക്കും. ഞാറക്കലിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ടി ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. ഫ്രാഗ് പ്രസിഡന്റ് അഡ്വ വി പി സാബു മുഖ്യപ്രഭാഷണം നടത്തും. ചെറായിയിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷയാകും. ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം ബി ഷൈനി മുഖ്യപ്രഭാഷണം നടത്തും.

പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെയും പൊതുമരാമത്ത്, കെഎസ്ഇബി വിഭാഗങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ബസുടമകളുടെയും വാഹനത്തൊഴിലാളി സംഘടനകളുടെയും മറ്റു സാമൂഹിക – സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് റോഡ് സുരക്ഷാപദ്ധതി നടപ്പാക്കുന്നത്.