‘സത്യം പറഞ്ഞാല്‍ ഇത്രയും നാള്‍ ഉള്ളിലെരിയുന്ന നെരിപ്പോടുമായാണ് ഞങ്ങള്‍ കഴിഞ്ഞത്. ജിവിതാദ്ധ്വാനം മുഴുവന്‍ സ്വരുക്കുട്ടി വാങ്ങിയ സ്ഥലത്തിന് കരം എടുക്കാതിരുന്നപ്പോള്‍ ഉണ്ടായ മന:പ്രയായം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല.എന്തായാലും ഇന്ന് ഏറെ സന്തോഷമുണ്ട് ‘ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറ്റാര്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി വീടുവച്ച് താമസിച്ചു വരുന്ന ഒലിപുറത്ത് വീട്ടില്‍ കമലാസനന്റെ വാക്കുകളാണിത്.

ചിറ്റാര്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി കരം അടയ്ക്കാന്‍ കഴിയാതിരുന്ന ആയിരത്തിലധികം കുടുംബങ്ങള്‍ക്കാണ് ആശ്വാസമായിരിക്കുന്നത്.തിങ്കളാഴ്ച്ച പകല്‍ 12ന് ചിറ്റാര്‍ വില്ലേജ് ഓഫീസില്‍ അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ എന്നിവര്‍ നേരിട്ടെത്തിയ ശേഷം കരം സ്വീകരിക്കാനായി ഗവണ്‍മെന്റ് ഉത്തരവ് വില്ലേജ് ഓഫീസര്‍ എസ്. സുനില്‍കുമാറിന് കളക്ടര്‍ കൈമാറുകയായിരുന്നു.തുടര്‍ന്ന് കളക്ടര്‍ തന്നെ ആദ്യ അപേക്ഷ വാങ്ങി കരമടച്ച രസീത് ഭൂഉടമയ്ക്ക് നല്‍കി.

ചടങ്ങില്‍ ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കല്‍, കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ സന്തോഷ് കുമാര്‍, ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ മഞ്ചുഷ, റാന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.