ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ സർവെയുടെ റിപ്പോർട്ട് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ അവലോകനം ചെയ്തു. ഡാമിലെ വെള്ളം തുറന്നുവിടേണ്ടിവരുന്ന ഘട്ടത്തിൽ നാലുപഞ്ചായത്തുകളിലായി വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടെ 200 കെട്ടിടങ്ങളെയാണ് ബാധിക്കുകയെന്ന് ജില്ലാ കളക്ടർ ജീവൻ ബാബൂ.കെ വ്യക്തമാക്കി. വെള്ളം തുറന്നു വിടുന്ന ഘട്ടത്തിൽ പുഴയുടെ തീരത്തിനടുത്തുള്ള 40 വീടുകളെയാണ് പെട്ടെന്ന്് ബാധിക്കുക. ഈ വീടുകൾ ഉൾപ്പെടെ ഡാം തുറക്കുകയാണെങ്കിൽ ബാധിക്കുന്ന സ്ഥലത്തെ സ്ഥാപനങ്ങളിലും വീടുകളിലും ഉദ്യോഗസ്ഥരെത്തി ബോധവൽക്കരണ നോട്ടീസുകളും നിർദേശങ്ങളും നൽകി.
നിലിവലുള്ള സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാം ട്രയൽ റൺ നടത്തുന്ന ദിവസവും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു തീരുമാനം ഉണ്ടാകുന്ന ഘട്ടത്തിൽ ജനങ്ങളെ മുൻകൂട്ടി അറിയിച്ച് മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്നും പന്ത്രണ്ട് മണിക്കൂർ മുൻപായി അറിയിപ്പ് നൽകുമെന്നും കളക്ടർ പറഞ്ഞു. ഇടുക്കിയിൽ മാത്രമല്ല എറണാകുളം ജില്ലയിലും ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
ഓറഞ്ച് അലർട്ട് പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള സ്റ്റാന്റേർഡ് ഓപ്പറേഷൻ പ്രാക്ടീസാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത് ഒരറിയിപ്പ് മാത്രമാണെന്നും അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കളക്ടർ പറഞ്ഞു. ആ സമയത്ത് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട ആവശ്യമില്ല. മാറ്റിപാർപ്പിക്കേണ്ട ഘട്ടത്തിൽ മുൻകൂട്ടി അറിയിപ്പ് നൽകി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകൾ മാത്രമേ തുറക്കേണ്ടതുള്ളൂ എന്നാണ് വിലയിരുത്തൽ. വാഴത്തോപ്പ് പഞ്ചായത്തിൽ 22 കുടുംബങ്ങളെയാണ് ബാധിക്കുക. നാലു പഞ്ചായത്തുകളിലായി 40 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ മാറ്റിപ്പാർപ്പിക്കേണ്ടിവരിക. ക്യാമ്പുകളിലേക്ക് വരാതെ ബന്ധുവീടുകളിൽ താമസിക്കാൻ താൽപര്യമുള്ളവരുമുണ്ട്്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന്് റോഷി അഗസ്റ്റിൻ എം.എൽ.എ അഭ്യർത്ഥിച്ചു.

ഡാം തുറക്കുന്ന സമയത്ത് നദിയിലെ ചപ്പാത്തുകളിലൂടെ ഗതാഗതം നിരോധിക്കും. ചപ്പാത്തുകളിലും പാലങ്ങളിലും വെള്ളമൊഴുകുന്നതിന് തടസമുണ്ടാക്കുന്ന മരങ്ങൾ മാത്രമേ മുറിച്ചുമാറ്റേണ്ടതുള്ളൂ. ഷട്ടർ തുറക്കുന്ന സമയത്ത് വിനോദസഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. എ.റ്റി.എമ്മുകളിൽ നിന്നും ബാങ്കുകൾ പണം എടുത്തുമാറ്റിയെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് തെറ്റിദ്ധാരണമൂലം സംഭവിച്ചതാകാമെന്നും തിരിച്ച് പണമിടുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, എ.ഡി.എം പി.ജി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്റ്റി അഴകത്ത് ജനപ്രതിനിധികളായ ഡോളി ജോസ്, ഷീബ ജയൻ, ലിസമ്മസാജൻ, ഷിജോ തടത്തിൽ വിവിധ വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.