വാര്‍ധക്യത്തിന്റെ ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹക്കൂടൊരുക്കി നാരങ്ങാനം പഞ്ചായത്തിന്റെ പകല്‍വീട്. നിര്‍മാണം പൂര്‍ത്തിയായ പകല്‍വീടിന്റെ ഉദ്ഘാടനം അടുത്തമാസം ആദ്യം നടക്കും. മക്കള്‍ ജോലിക്കും പേരക്കുട്ടികള്‍ പഠിക്കുന്നതിനുമായി പോകുമ്പോള്‍ പലപ്പോഴും ഒന്നും ചെയ്യാനില്ലാതെ വയോജനങ്ങള്‍ വീടുകളില്‍ ഒറ്റപ്പെടാറുണ്ട്. ഇങ്ങനെ പലരുടേയും ജീവിതം മടുപ്പായി തീരുകയാണ് പതിവ്. ജീവിതസായാഹ്നത്തിന്റെ ഊഷ്മളത ഒട്ടും ചോരാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് നാരങ്ങാനം പഞ്ചായത്തിന്റെ പകല്‍വീടൊരുങ്ങുന്നത്.
രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഈ വിശ്രമത്തണലിന്റെ പ്രവര്‍ത്തനസമയം. അറുപത് വയസിന് മുകളിലുള്ള ആര്‍ക്കും ഇവിടെയെത്താം. പകല്‍വീട്ടിലെ അതിഥികള്‍ക്ക് വേണ്ട സഹായമൊരുക്കാന്‍ സജ്ജരായി കുടുംബശ്രീപ്രവര്‍ത്തകര്‍ ഉണ്ട്. അവര്‍ക്ക് ചെറിയൊരു പ്രതിഫലവും ഇതിലൂടെ നല്‍കും. വിശ്രമത്തണല്‍ തേടിയെത്തുന്ന അതിഥികള്‍ക്ക് ഫീസൊന്നും ഇല്ല. പ്രവേശനം തികച്ചും സൗജന്യമാണ്. വയോജനങ്ങള്‍ക്കായി പകല്‍വീട്ടില്‍  പത്രം, ടിവി എന്നിവയും മുഴുവന്‍ സമയവും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണവും തയാറാക്കിയിട്ടുണ്ട്. പകല്‍വീടിന് സമീപത്ത് തന്നെ പഞ്ചായത്ത് വക പ്രാഥമികാരോഗ്യ കേന്ദ്രം ഉള്ളതിനാല്‍ ആവശ്യമായ വൈദ്യസഹായവും ഉറപ്പാക്കിയിട്ടുണ്ട്. മൂന്നര ലക്ഷം രൂപയാണ് പകല്‍വീടിന്റെ നിര്‍മാണത്തിനായി പഞ്ചായത്ത് ചെലവഴിച്ചത്. പകല്‍വീടിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് നേരിട്ടാണ് നടപ്പിലാക്കുകയെന്ന് {ഗാമപഞ്ചായത്ത് {പസിഡണ്ട് കടമ്മനിട്ട കരുണാകരന്‍ പറഞ്ഞു.