പട്ടിക വര്‍ഗ വികസന വകുപ്പില്‍ പട്ടിക വര്‍ഗ പ്രമോട്ടര്‍, ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ വികസന പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പട്ടിക വര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവനസന്നദ്ധരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പട്ടിക വര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.
പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. 20 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം / പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വര്‍ഷമാണ് നിയമന കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷ ഓണ്‍ലൈന്‍ വഴി www.cmdkerala.net , www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കേണ്ടതാണ്. അതത് സെറ്റില്‍മെന്റില്‍ നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കും. ഒരാള്‍ ഒന്നിലധികം അപേക്ഷകള്‍ നല്‍കാന്‍ പാടില്ല. ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിതുര, കുറ്റിച്ചല്‍, നന്ദിയോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.