കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ഇടുക്കി, ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാലുള്ള സാഹചര്യം വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ആലുവ താലൂക്കില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. സോഷ്യല്‍ മീഡിയ, മറ്റു മാധ്യമങ്ങള്‍ എ്ന്നിവയിലൂടെയുള്ള വാര്‍ത്തകള്‍ കേട്ട് ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമേ ഡാമുകളുടെ ഷട്ടര്‍ തുറക്കുകയുള്ളൂ. മൂന്ന് മുന്നറിയിപ്പുകള്‍ നല്‍കി 24 മണിക്കൂറിനു ശേഷമേ ഡാം തുറക്കൂ എന്നതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സമയം ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

പെരിയാറിലെ ജലനിരപ്പ് ഉയരുമ്പോള്‍ ബാധിക്കാവുന്ന പറവൂര്‍, ആലുവ, കുന്നത്തുനാട് താലൂക്കുകളിലെ വിവിധ പ്രദേശങ്ങളുടെ സ്ഥിതി ഗതികള്‍ കളക്ടര്‍ വിലയിരുത്തി. ജനങ്ങളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാംപുകള്‍ തുറക്കുന്നതിനായി കണ്ടെത്തിയ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കാര്യക്ഷമമായ ദുരന്ത നിവാരണത്തിനായുള്ള പ്രൊഷണല്‍ സമീപനത്തിന്റെ ഭാഗമായാണ് ഇത്തരം അവലോകന യോഗങ്ങള്‍. ജലനിരപ്പ് ഉയര്‍ന്ന് ഡാം തുറന്നാല്‍ ഏതൊക്കെ പ്രദേശങ്ങളെയാണ് ബാധിക്കുകയെന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുളളതായി കളക്ടര്‍ അറിയിച്ചു. വെള്ളം ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെന്ന് സെല്‍ഫിയെടുക്കുന്നത് നിയന്ത്രിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഇത് 167 മീറ്ററാകുമ്പോള്‍ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോള്‍ മൂന്നാം മുന്നറിയിപ്പും നല്‍കും. ഇടുക്കിയില്‍ 2390 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 2395 അടിയാകുമ്പോള്‍ രണ്ടാമത്തെയും 2399 അടിയാകുമ്പോള്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷമേ ഷട്ടറുകള്‍ തുറക്കൂ.

ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. എസ്.ഷാജഹാന്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ. എം.ടി. അനില്‍കുമാര്‍, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, എഡിഎം എം.കെ. കബീര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.എം. മധു, കമാന്‍ഡര്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ആന്‍ഡ് ഡൈവിംഗ് അരുള്‍ സബീഷ്, നേവി, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ് തുടങ്ങിയവര്‍ പങ്കെടുത്തു.