അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി
സംസ്ഥാനത്തെ പട്ടിക വിഭാഗക്കാരുടെ ചികിത്‌സാ ആവശ്യങ്ങൾക്ക് പ്രത്യേക സഹായം നൽകി അവരുടെ ജീവിതത്തിന് സുരക്ഷയേകിയിരിക്കുകയാണ് സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ്. അധികാരത്തിൽ വന്ന് എട്ട് മാസത്തിനുള്ളിൽ ചികിത്സാസഹായമായി വിതരണം ചെയ്തത് 38 കോടി രൂപയാണ്. 5000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിവിധ വിഭാഗത്തിലാണ് ധനസഹായം നൽകിയത്.
വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുമാണ് ചികിത്സാ സഹായം വിതരണം ചെയ്തത്. ഓൺലൈനായും ജനപ്രതിനിധികൾ വഴിയും ലഭിച്ച അപേക്ഷകളിലാണ് ഇപ്പോൾ സഹായം നൽകിയിരിക്കുന്നത്. ഇതിലൂടെ 41,028 കുടുംബങ്ങളുടെ ചികിത്‌സാ ആവശ്യങ്ങൾക്കാണ് സർക്കാരിന്റെ കൈതാങ്ങ് ലഭിച്ചത്. എട്ടുമാസത്തിനുള്ളിൽ പട്ടികജാതി വിഭാഗത്തിലെ 9218 പേർക്ക് 18.26 കോടി രൂപയും പട്ടികവർഗ വിഭാഗത്തിലെ 31,810 പേർക്ക് 20 കോടി രൂപയുമാണ് സഹായമായി നൽകാനായത്.
ഈ ചികിത്‌സാസഹായത്തിനുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് സമർപ്പിക്കേണ്ടത്. ഒരുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികവിഭാഗക്കാർക്കാണ് അപേക്ഷിക്കാൻ അർഹത. ബാങ്ക് പാസ്ബുക്കിന്റെ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ പേജിന്റെ പകർപ്പ്, വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റ്, തഹസിൽദാറിൽ നിന്നും ലഭിച്ച രോഗിയുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ചികിത്സിക്കുന്ന ഡോക്ടറിൽ (അസിസ്റ്റന്റ് സർജനിൽ കുറയാത്ത തസ്തിക) നിന്നുളള മെഡിക്കൽ സർട്ടിഫിക്കറ്റ്, രോഗിയല്ല അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ അപേക്ഷകന് രോഗിയുമായുളള ബന്ധം തെളിയിക്കുന്ന രേഖയുടെ കോപ്പിയും രോഗിയുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും, എം.പി/ എംഎൽഎ/ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരിൽ നിന്നും ശുപാർശ കത്ത് ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പും സഹിതമാണ് അക്ഷയ കേന്ദ്രത്തിൽ സമർപ്പിക്കേണ്ടത്.
ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ 38 കോടി രൂപ ചികിത്സാസഹായം നൽകാനായി എന്നത് പട്ടികവിഭാഗങ്ങളിൽപ്പെട്ടവരെ കൈപിടിച്ചുയർത്തുന്നതിലും ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിലും സർക്കാർ നൽകുന്ന പ്രത്യേക ശ്രദ്ധയുടെ പ്രതിഫലനമാണ്. രോഗദുരിതങ്ങൾ അലട്ടുന്ന പട്ടികവിഭാഗക്കാർക്ക് കൈത്താങ്ങായി ഈ പദ്ധതി ഇതിനകം മാറിയിട്ടുണ്ട്. അർഹരായ കൂടുതൽ ഗുണഭോക്താക്കൾക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.