പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി മാനവവിഭവ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാർക്ക് വേണ്ടി റിയാബിന്റെ  (പൊതുമേഖലാ പുനഃസംഘടനാ ബോർഡ്) ആഭിമുഖ്യത്തിൽ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 24, 25, 26 തീയതികളിൽ എറണാകുളം ബോൾഗാട്ടി പാലസ്, ലേക്ക് വ്യൂ ഹാളിലാണ് പരിശീലനം. മാനേജ്‌മെന്റ്, ഫിനാൻസ്, മാർക്കറ്റിംഗ് മുതലായ വിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പ്രശസ്തരും പ്രഗത്ഭരുമായ ഡോ. എബ്രഹാം കോശി (മുൻ പ്രൊഫസർ ഐ.ഐ.എം അലഹബാദ്), പ്രൊഫ. മാണി പി സാം (മുൻ ചെയർമാൻ) രാജഗിരി ബിസിനസ് സ്‌കൂൾ), ഡോ. സജി ഗോപിനാഥ് (വൈസ് ചാൻസിലർ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള), പ്രൊഫ. ആനന്ദക്കുട്ടൻ ബി ഉണ്ണിത്താൻ (ഡീൻ ഫാക്കൽറ്റി ഐ.ഐ.എം കോഴിക്കോട്),  ഐസക് വർഗീസ് (ഡയറക്ടർ കൺസൾട്ടിംഗ്, രാജഗിരി ബിസിനസ് സ്‌കൂൾ), വേണുഗോപാൽ സി ഗോവിന്ദ്, (സീനിയർ ചാർട്ടേർഡ് അക്കൗണ്ടന്റ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.
ഫെബ്രുവരി 26നുള്ള സമാപന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുക്കും.