തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയുടെ പുരോഗതി  സംബന്ധിച്ച് ഓരോ സ്ഥാപനതലത്തിലും വകുപ്പ് തലത്തിലും അവലോകനം നടത്തി നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജില്ലാ ആസൂത്രണ സമിതിക്ക് മാര്‍ച്ച് ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ചു. സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന് ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന തടസങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു.  ട്രഷറിയില്‍ പാസാകാനുള്ള ബില്ലുകളുടെ വിവരങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശേഖരിച്ച് അതിന് പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണം. കൂടാതെ, പിഎംജിഎസ്വൈ യില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് റോഡുകളുടെ നിര്‍മാണത്തിന് പഞ്ചായത്ത് കമ്മറ്റി ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  സംസ്ഥാനതലത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പത്തനംതിട്ട നഗരസഭയെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അഭിനന്ദിച്ചു.

യോഗത്തില്‍ 2021-22 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍, പതിനാലാം പഞ്ചവത്സരപദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസനരേഖ തയാറാക്കല്‍, ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പുരോഗതി എന്നിവ അവലോകനം ചെയ്തു. ജില്ലയിലെ അന്‍പത്തിമൂന്ന് ഗ്രാമപഞ്ചായത്തുകളിലായി 61.05 ശതമാനം ഫണ്ടാണ് പദ്ധതി നിര്‍വഹണത്തിനായി ചിലവഴിച്ചത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 65.26 ശതമാനവും നാല് നഗരസഭകളിലായി 56.05 ശതമാനം ഫണ്ടും ചിലവഴിച്ചു. പദ്ധതി നിര്‍വഹണത്തിനായി ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത് കോട്ടാങ്ങല്‍ പഞ്ചായത്താണ്.മൈലപ്ര, കൊറ്റനാട്, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ് , ജില്ലാ പ്ലാനിംഗ് കമ്മറ്റി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.