നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ സഹായത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചു മുന്നോട്ടു കുതിക്കുകയാണ് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ഭരണസമതി. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ ഷാജന്‍ സംസാരിക്കുന്നു.
കരുത്തോടെ ആരോഗ്യമേഖല; വാക്സിനേഷന്‍ 100 ശതമാനം
പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടാണ് ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നുവരുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ പഞ്ചായത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ രൂപീകരിച്ചു. ഇതിനോടകം വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. ഇതിനായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 18 വയസില്‍ താഴെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ പുരോഗമിക്കുകയാണ്.
മുഖം മിനുക്കി വിദ്യാലയങ്ങള്‍
കോവിഡിന് ശേഷം സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക്, സാനിറ്റൈസര്‍ അടക്കമുള്ള പ്രതിരോധ വസ്തുക്കള്‍ നല്‍കി. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ പരിശ്രമത്തിലൂടെ സ്‌കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കാനായി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു സ്‌കൂളിലെ കിണറുകള്‍ ശുചീകരിച്ചു. മികച്ച പ്രവര്‍ത്തനമാണു വിദ്യാഭ്യാസ മേഖലയില്‍ പഞ്ചായത്ത് നടത്തുന്നത്. കിഫ്ബിയില്‍ നിന്നുള്ള ഒരു കോടി രൂപ ചെലവില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്.
കര്‍ഷകര്‍ക്ക് കൈത്താങ്ങ്
വളക്കൂറുള്ള മണ്ണിനാലും ജലസ്രോതസുകളാലും ചുറ്റപ്പെട്ട മഞ്ഞപ്ര പഞ്ചായത്തില്‍ കൃഷിക്ക് വലിയ പ്രാധാന്യമാണുള്ളത്. കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. വാഴ, ജാതി, തെങ്ങ്, കര്‍ഷകര്‍ക്ക് സബ്‌സിഡിയായി വളങ്ങള്‍ എന്നിവ നല്‍കി വരുന്നു. കൂടാതെ കൃഷിഭൂമിയിലേക്ക് പമ്പ് സെറ്റുകളും വിതരണം ചെയ്യുന്നുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട മൂന്നു പാടശേഖരങ്ങളിലേക്ക് സബ്‌സിഡി കൂടാതെ തന്നെ നെല്‍വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി വിത്തുകള്‍, ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തുവരുന്നു. തരിശുനില കൃഷിക്ക് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നുണ്ട്. കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം അടക്കമുള്ള പദ്ധതികള്‍ മികച്ച രീതിയിലാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്.
മാലിന്യസംസ്‌കരണത്തിന് ഹരിത കര്‍മ്മസേന
മഞ്ഞപ്ര പഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിനായി 26 അംഗങ്ങളുള്ള ഹരിത കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കൈമാറിയിട്ടുണ്ട്. ഒരു എംസിഎഫും (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സ്ഥാപിച്ചിട്ടുണ്ട്. വീടുകളില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഇവര്‍ക്ക് വാഹനം വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വാടകയ്ക്ക് എടുത്ത വാഹനമാണ് നിലവില്‍ ഉപയോഗിക്കുന്നത്.
വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി
വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വിളനിലം ഒരുക്കല്‍, കോഴിക്കൂട് നിര്‍മ്മാണം, തൊഴുത്ത് നിര്‍മ്മാണം, അസോള ടാങ്ക് നിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി എന്നിവയ്ക്കായി ഇവരുടെ സേവനം ലഭ്യമാക്കാറുണ്ട്. കൂടാതെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും ലീഡിങ് ചാനലുകളുടെയും ശുചീകരണവും വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
സംരംഭകര്‍ക്കായി പദ്ധതികള്‍
പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. വനിതകള്‍ക്ക് കിടാരി, കോഴി, ആട് എന്നിവ വിതരണം ചെയ്യുന്നു. കുടുംബശ്രീ വഴി നിരവധി സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പലഹാരപ്പൊടി നിര്‍മ്മാണ യൂണിറ്റുകള്‍, പലഹാര നിര്‍മ്മാണ യൂണിറ്റുകള്‍, തയ്യല്‍ യൂണിറ്റുകള്‍, വെജിറ്റബിള്‍ കട്ടിങ് യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീ ജെഎല്‍ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് ) ഗ്രൂപ്പുകള്‍ വഴി മികച്ച രീതിയില്‍ കൃഷി നടക്കുന്നു.
എല്ലാ വിഭാഗങ്ങള്‍ക്കും കരുതല്‍
ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, ശ്രവണ സഹായി, വീല്‍ചെയര്‍ എന്നിവ വിതരണം ചെയ്യുന്നു. ഭിന്നശേഷി കുട്ടികള്‍ക്കായി ഒരു ബഡ്‌സ് സ്‌കൂള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌കരിക്കുന്നുണ്ട്. ഭവന പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി, ലാപ്‌ടോപ് വിതരണം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
ലക്ഷ്യം അടിസ്ഥാന സൗകര്യവികസനം
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ വീടുകളില്‍ ലഭ്യമാക്കുന്നു. ഈ വര്‍ഷം 577 പുതിയ കണക്ഷനുകളാണു നല്‍കിയത്. കുടിവെള്ള പൈപ്പ് ലൈന്‍ കൂടുതല്‍ പ്രദേശത്തേക്ക് ദീര്‍ഘിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി 12 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയില്‍ കെട്ടിവച്ചു.
റോഡ് വികസനത്തിന്റെ ഭാഗമായി 3.60 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പാക്കി. കാലപ്പഴക്കമുള്ള പഞ്ചായത്ത് ചന്ത ചാറ്റുപാടത്തേക്ക് മാറ്റി സ്ഥാപിക്കുകയാണ് ഭരണസമിതിയുടെ അടുത്ത ലക്ഷ്യം. ഇവിടെ വ്യാപാരികള്‍ക്കായി കടമുറികളും നിര്‍മ്മിക്കും. പഴയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍, വില്ലേജ് ഓഫീസ് എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പഞ്ചായത്ത് പരിധിയില്‍ ഒരു ഓപ്പണ്‍ എയര്‍ സ്റ്റേഡിയവും വരും വര്‍ഷം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്.