* ഓൺലൈനായി മുറി ബുക്ക് ചെയ്യാം
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സർക്കാർ അതിഥിമന്ദിരങ്ങൾ പൊതുജനങ്ങൾക്കും കൂടി തുറന്നുനൽകിയതിന് ലഭിക്കുന്നത് വൻ സ്വീകാര്യത. 2021 നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആരംഭിച്ച പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതിയിൽ ഇതുവരെ 17,959 ബുക്കിങ്ങുകൾ നടന്നു. 2021 നവംബർ 1 മുതൽ 2022 ഫെബ്രുവരി 19 വരെയുളള കണക്കനുസരിച്ച് 1,08,07,420 രൂപയാണ് വരുമാനമായി സർക്കാരിന് ലഭിച്ചത്. കുറഞ്ഞ ചെലവിൽ സുഖപ്രദമായ താമസസൗകര്യം ലഭിക്കുന്നു എന്നതാണ് പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതിയെ ഏറെ ജനകീയമാക്കുന്നത്.
വളരെ ലളിതമായി ബുക്കിംഗ് പൂർത്തിയാക്കാം എന്നതും ആകർഷക ഘടകമാണ്.
താമസ സൗകര്യത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും വിപുലമായ സംവിധാനമുള്ളത് പൊതുമരാമത്ത് വകുപ്പിനാണ്. സംസ്ഥാനത്തൊട്ടാകെ 155 അതിഥി മന്ദിരങ്ങളിൽ 138 ഇടങ്ങളിലാണ് പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതി നടപ്പിലാക്കിയത്. 1213 മുറികളുണ്ട്. സിംഗിൾ, ഡബിൾ, എസി, നോൺ എസി മുറികളാണ് റെസ്റ്റ് ഹൗസുകളിൽ ഉള്ളത്. നേരത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു അതിഥിമന്ദിരങ്ങൾ ഉപയോഗിക്കാനായിരുന്നത്.
ഗസ്റ്റ് ഹൗസ് എന്ന പേര് റെസ്റ്റ് ഹൗസ് എന്ന് മാറ്റം വരുത്തി, സർക്കാർ ഉദ്യോഗസ്ഥരുടെ നിലവിലുള്ള അവസരം നഷ്ടപ്പെടാതെയാണ് പൊതുജനങ്ങൾക്ക് കൂടി താമസസൗകര്യം ഉറപ്പാക്കിയിരിക്കുന്നത്. www.resthouse.pwd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് മുറികൾ നേരത്തെതന്നെ ബുക്ക് ചെയ്യാം. വാടക ഓൺലൈനായി അപ്പോൾതന്നെ അടയ്ക്കാം. ബുക്ക് ചെയ്ത മുറികൾ റദ്ദാക്കേണ്ടിവന്നാൽ വ്യവസ്ഥകൾക്ക് വിധേയമായി ഓൺലൈൻ ആയിത്തന്നെ റീഫണ്ട് അനുവദിക്കാനുള്ള സൗകര്യവുമുണ്ട്.
സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതുമരാമത്ത് വകുപ്പിന് റസ്റ്റ് ഹൗസുകളുണ്ട്. ഇവിടങ്ങളിൽ കുറഞ്ഞചെലവിൽ താമസിക്കാനുള്ള അവസരമാണ് പൊതുജനങ്ങൾക്ക് കൈവന്നിരിക്കുന്നത്. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് കൂടി ഈ തീരുമാനം പുത്തൻ ഉണർവേകിയിട്ടുണ്ട്. കൂടുതൽ ജനകീയമാകാനും സൗകര്യങ്ങൾ ഒരുക്കാനുമുള്ള പൊതുമരാമത്ത് വകുപ്പ് തീരുമാനം സർക്കാരിന് മികച്ച വരുമാനവും നേടിനൽകുന്നുണ്ട്.