ദുരന്ത മുഖത്ത് കേരളത്തിന് ഒപ്പം നിന്നവരാണ് ചെറുപ്പക്കാരെന്നും നാടിന്റെ സമ്പത്താണ് ഇവരെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുനിസിപ്പല്‍ ക്യാപ്റ്റന്‍മാരുടെ പരിശീലനത്തിന്റെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവകരമായ ചിന്തകളും ആര്‍ജവവും ഉള്ളവരാണ് ചെറുപ്പക്കാര്‍. ഈ ചിന്തകള്‍ നാടിന് ഗുണകരമായ രീതിയില്‍ മാറ്റണം. നാടിനാവശ്യം തണുത്തുറയാത്ത കാര്യപ്രാപ്തിയുള്ള യുവാക്കളെ ആണ്.

രാജ്യത്തിന്റെ ജനസംഖ്യയുടെ 65 ശതമാനം വരുന്ന ചെറുപ്പക്കാര്‍ നാടിനെ മുന്നോട്ട് നയിക്കുന്നതിന് സദാ കര്‍മ്മനിരതരായിരിക്കണം. ചെറുപ്പക്കാര്‍ക്ക് നിരവധിയായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഈ ഉത്തരവാദിത്തങ്ങള്‍ ശീലിക്കാന്‍ അവരെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ വിധം അവരെ ശരിയായി മുന്നോട്ട് നടത്താന്‍ യുവജന ക്ഷേമ ബോര്‍ഡിന് കഴിയണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

യുവതയുടെ കരുത്തില്‍ സമൂഹത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിയാണ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. അടിയന്തര സാഹചര്യത്തില്‍ പ്രദേശത്തെ സന്നദ്ധ സേവകരായ യുവജനങ്ങളെ നാടിനു പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ജില്ലയിലെ 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചാത്ത് സേന രൂപീകരിച്ചിട്ടുണ്ട്. സേനാ ക്യാപ്റ്റന്‍മാര്‍ക്ക് പോലീസ്,  ഫയര്‍ ആന്‍ഡ് റസ്‌ക്യു, എക്‌സൈസ്, ആരോഗ്യം, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിദഗ്ധ പരിശീലനം നല്‍കിയത്.

യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, കെവി വൈഎഎഫ് ജില്ലാ ക്യാപ്റ്റന്‍ ഹേമന്ത് സി. പിള്ള, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണന്‍, ഷിജിന്‍ വര്‍ഗീസ്, പ്രശാന്ത് കടമ്പനാട്  തുടങ്ങിയവര്‍ പങ്കെടുത്തു.