വലിയതുറ കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു.കടല്‍ക്ഷോഭത്തില്‍ വലിയതുറ കടല്‍പ്പാലത്തിന്റെ 10 തൂണുകള്‍ താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു.
കടല്‍പ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്നിക്കല്‍ സ്റ്റഡി നടത്തുവാന്‍ ഐഐടിയെ തുറമുഖവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.

കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നാശം നേരിട്ട വലിയതുറ കടല്‍പ്പാലത്തിന്റെ 50 മീറ്റര്‍ ഭാഗത്താണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടത്. കടല്‍പ്പാലത്തിന്റെ തൂണുകള്‍ താഴ്ന്നതിനെതുടര്‍ന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവിലും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആന്റണി രാജുവും വലിയതുറ സന്ദര്‍ശിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദവും ടൂറിസ്റ്റ് ആകര്‍ഷണവുമായിരുന്ന വലിയതുറ കടല്‍പ്പാ ലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി മത്സ്യ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.