കോട്ടയം: വിദ്യാര്‍ഥികളെ വൈജ്ഞാനിക ലോകത്തേക്ക് നയിക്കാൻ അക്ഷരം മ്യൂസിയത്തിനാകുമെന്ന് സഹകരണ -രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍. നാട്ടകം മറിയപ്പള്ളിയില്‍ എംസി റോഡരികിലുള്ള ഇന്ത്യാപ്രസിൻ്റെ നാലേക്കര്‍ സ്ഥലത്ത് 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാഷാ, സാഹിത്യ, സാക്ഷരതാ പ്രസ്ഥാനങ്ങളുടെ ചരിത്രമുറങ്ങുന്ന കോട്ടയത്ത് പുതിയ ലോകോത്തര ചരിത്രം സൃഷ്ടിക്കാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ പണികഴിപ്പിക്കുന്ന അക്ഷരം മ്യൂസിയത്തിനാകും. ഏതൊരു വിജ്ഞാനദാഹിയായ വിദ്യാര്‍ത്ഥിക്കും നാടിന്റെയും ലോകത്തിന്റേയും അക്ഷരങ്ങളിലേക്കും വൈജ്ഞാനിക ലോകത്തിലേക്കും വെളിച്ചം വീശാന്‍ കഴിയുന്ന സാഹചര്യം അക്ഷരം മ്യൂസിയത്തിലൂടെ സംജാതമാകുന്നതിനൊപ്പം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ ഊര്‍ജ്ജസ്വലമാക്കി മുന്നോട്ടുകൊണ്ടുവരുവാന്‍ ഈ സദുദ്യമത്തിനു സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അക്ഷരം-ഭാഷാ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന്റെ ശിലാഫലക അനാച്ഛാദനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

അക്ഷരം മ്യൂസിയത്തിന്റെ നിര്‍മാണത്തിനായി ഒമ്പതു കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഒമ്പത് മാസം കൊണ്ട് ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. തുടര്‍ന്നുള്ള മൂന്നു ഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലോകത്തെവിടെയും കിട്ടുന്ന അക്ഷര ലിപികളെല്ലാം മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തും. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ്, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ (ക്രഡിറ്റ്) എം. ബിനോയ്കുമാര്‍, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അജിത്കുമാര്‍, സഹകരണ യൂണിയന്‍ കോട്ടയം സര്‍ക്കിള്‍ ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍, നഗരസഭാംഗം എബി കുന്നേപ്പറമ്പില്‍, ഭരണസമിതിയംഗം എം.ജി. ബാബുജി എന്നിവര്‍ പങ്കെടുത്തു.