നിയോജകമണ്ഡലം ആസ്‌തിവികസന പദ്ധതിയിൽ രണ്ടു നിർമ്മാണപ്രവൃത്തികൾക്ക് മൊത്തം 35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. ഞാറക്കൽ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ രാജീവ്ജി റോഡിൽ സ്റ്റീൽ പാലം നിർമ്മാണത്തിനും പള്ളിപ്പുറം പഞ്ചായത്തിലെ ആയുർവേദ ആശുപത്രി പുനരുദ്ധാരണത്തിനുമാണ് ഭരണാനുമതിയായത്.
സ്റ്റീൽ പാലം നിർമ്മിക്കുന്നതിന് 25ലക്ഷവും ആയുർവേദ ആശുപത്രി നവീകരിക്കുന്നതിന് 10ലക്ഷവും രൂപയാണ് ചെലവെന്നും കെ എൻ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ജീർണിച്ച് അപകടാവസ്ഥയിലുള്ള മരപ്പാലത്തിന് പകരമായാണ് ഞാറക്കൽ പതിമൂന്നാം വർഡിൽ പുതിയ സ്റ്റീൽ പാലം നിർമ്മിക്കുന്നത്. നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. ജനസാന്ദ്രത കൂടിയ മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് പാലം പ്രയോജനം ചെയ്യുമെന്ന് വാർഡ് അംഗം ബാലാമണി ഗിരീഷ് പറഞ്ഞു.
രാജഭരണകാലത്തോളം പഴക്കംചെന്ന, ചരിത്ര പ്രാധാന്യമുള്ളതാണ് പള്ളിപ്പുറം ആയുർവേദ ആശുപത്രിയുടെ ഒ പി കെട്ടിടം. തനതു വാസ്‌തുവിദ്യയിൽ പണിതീർത്ത, കൊച്ചി രാജാവിന്റെ വകയായിരുന്ന കെട്ടിടം പിന്നീട ആശുപത്രിക്കായി ദാനം ചെയ്‌തതാണ്. സമീപപ്രദേശങ്ങളിൽ നിന്നടക്കം പ്രതിദിനം ഇരുന്നൂറോളം രോഗികൾ എത്തുന്ന ആശുപത്രിയുടെ നവീകരണത്തിലൂടെ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുങ്ങും. കെട്ടിടത്തിലെ ചോർച്ച തീർക്കും. രോഗികൾക്ക് വിശ്രമത്തിന് സൗകര്യങ്ങളുമുണ്ടാകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ പറഞ്ഞു.