ആലപ്പുഴ: കര്‍ഷകരില്‍ നിന്നും നാളികേരം സംഭരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നാളികേരത്തില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് ഏറെ ലാഭകരമാണ്. ഓരോ കേരഗ്രാമങ്ങളും സ്വന്തം പേരില്‍ ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമെങ്കിലും നിര്‍മിച്ചു വിപണിയിലെത്തിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 17 വാര്‍ഡുകളിലും കേരസമിതികള്‍ രൂപീകരിച്ചാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്.

മുതിര്‍ന്ന കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, മണ്ണ് പരിശോധന, തെങ്ങുകയറ്റ യന്ത്രവിതരണോദ്ഘാടനം തുടങ്ങിയവയും ഇതോടനുബന്ധിച്ചു നടന്നു.

തൃക്കുന്നപ്പുഴ കുമ്പളത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാര്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.എസ്. താഹ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. സുധിലാല്‍, നാദിറ ഷാക്കിര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജില ടീച്ചര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അമ്മിണി ടീച്ചര്‍, സിയാര്‍ തൃക്കുന്നപ്പുഴ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.