ആലപ്പുഴ: ഓണാട്ടുകരയിലെ നാടന്‍ പശു ഹബ് മാതൃകാപരമായ പദ്ധതിയാണെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള കന്നുകാലി വികസന ബോര്‍ഡും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന നാടന്‍ പശു ഹബ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സങ്കരയിനം പശുക്കളെ വളര്‍ത്തുന്നതിനൊപ്പം നാടന്‍ ജനുസുകളെ പരിപാലിച്ച് അവയുടെ വ്യാപനവും സംരക്ഷണവും ഉറുപ്പാക്കേണ്ടതുണ്ട്. പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മുന്നിലെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ഥികള്‍ക്ക് നാടന്‍ പശു കിടാരികളെ സൗജന്യമായി വിതരണം ചെയ്തു. നാടന്‍ പശുക്കളെ പരിപാലനം ചെയ്യുന്ന ക്ഷീരകര്‍ഷകരെ മന്ത്രി ആദരിച്ചു. പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മാണത്തിനായുള്ള ധനസഹായ വിതരണവും ക്ഷീരകര്‍ഷക സെമിനാറും നടത്തി.

ചടങ്ങില്‍ കായംകുളം നഗരസഭാധ്യക്ഷ പി. ശശികല അധ്യക്ഷത വഹിച്ചു. ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. സുകുമാരപിള്ള, കേരള കന്നുകാലി വികസന ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആര്‍. രാജീവ്, നഗരസഭ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, കൗണ്‍സിലര്‍മാരായ കെ. പുഷ്പദാസ്, നാദിര്‍ഷാ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ടി. ഇന്ദിര, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.