സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന തനത് കലാ-സാംസ്‌കാരിക പ്രഭാഷണ പരിപാടി മാര്‍ച്ച് 9 ന് രാവിലെ 11.30ന് ചെറുതോണി ജില്ലാ പോലിസ് സൊസൈറ്റി ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഭരണഘടനയും ദേശീയതയും എന്ന വിഷയത്തില്‍ അദ്ധ്യാപകനും പ്രഭാഷകനുമായ ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

ഛത്തിസ്ഗഢില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ ഒ.പി സാജുവിന്റെ സഹധര്‍മ്മിണി സുജ സാജുവിനെ ചടങ്ങില്‍ മന്ത്രി ആദരിക്കും. റിട്ട: സൂബേദാര്‍ കെ.കെ.എ ഉണ്ണിക്യഷ്ണന്‍ ആചാരി തന്റെ കഴിഞ്ഞകാല യുദ്ധ അനുഭവങ്ങള്‍ പരിപാടിയില്‍ പങ്ക് വെയ്ക്കും.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, നെടുങ്കണ്ടം എം.ഇ.എസ് കോളേജ് ചരിത്ര അദ്ധ്യാപകന്‍ കെ. ഷെരീഫ് എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അജീഷ് തായില്യവും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും, കലാഭവന്‍ ഫൗണ്ടേഷന്റെ ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് മനോജ് ഏലപ്പാറയുടെ പരുന്താട്ടവും വേദിയില്‍ അരങ്ങേറും.

ആസാദി കാ അമൃത് മഹോത്സവത്തോടാനുബന്ധിച്ചു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരങ്ങളുടെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കും.
എം.എല്‍.എമാരായ എം.എം മണി, പി.ജെ ജോസഫ്, വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി മോഹന്‍കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു. പി. ജേക്കബ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് തുടങ്ങി വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരും കലാ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.