യുദ്ധവും കോവിഡും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് .അന്താരാഷ്ട്ര വനിതാ ദിനാചരണ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു നൂറ്റാണ്ടിനപ്പുറം നീളുന്ന ചരിത്രമാണ് സ്ത്രീകളുടെ പുരോഗതിയ്ക്ക് പിന്നിലുള്ളത്. പല മേഖലകളിലും സ്ത്രീകൾ ഇന്നും വിവേചനം അനുഭവിക്കുന്നുണ്ട്. അതിന് മാറ്റം വരേണ്ടതാണ്.

അടുത്ത തലമുറയെങ്കിലും ആൺകുട്ടികളേയും പെൺകുട്ടികളേയും ഉത്തരവാദിത്തങ്ങൾ പങ്കിടാൻ പഠിപ്പിക്കണം. ബോധത്തിലും ബോധ്യത്തിലും കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരണം. അതിനായി ക്രിയാത്മകമായ ഇടപെടലുകൾ വേണം. സ്വപ്നം കാണാൻ ഓരോ പെൺകുട്ടിക്കും കഴിയട്ടെ. ജീവിത യാഥാർത്ഥ്യത്തിൽ കാലൂന്നി നിന്നുള്ള ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളേയാണ് നമുക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷമി, ഡോ. സുനിത കൃഷ്ണൻ, ഡോ. യു.പി.വി. സുധ എന്നിവർക്ക് മുഖ്യമന്ത്രി വനിത രത്ന പുരസ്‌കാരം സമ്മാനിച്ചു.അങ്കണവാടി മുഖേന നൽകുന്ന സേവനങ്ങൾ പൂർണമായി ജനങ്ങളിൽ എത്തിക്കുന്നതിനായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, സൂപ്പർവൈസർമാർ, ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ, ജില്ലാ കളക്ടർ (കോഴിക്കോട് മുൻ കളക്ടർ സാംബശിവറാവു) എന്നിവർക്കുളള അവാർഡും വിതരണം ചെയ്തു. 14 ജില്ലകളിലെ മികച്ച ഓരോ അങ്കണവാടികൾക്കുമുളള ഐസിഡിഎസ് അവാർഡുകളും വിതരണം ചെയ്തു.

സ്ത്രീധനത്തിനെതിരായുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടൽ ഉദ്ഘാടനവും ‘വിവാഹ പൂർവ കൗൺസിലിംഗ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ‘അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം’ പ്രകാശനം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അട്ടപ്പാടിയിലെ ‘പെൻട്രിക കൂട്ട’ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ‘ധീര’ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടർ ടി.വി. അനുപമ നന്ദിയും പറഞ്ഞു. വി.കെ. പ്രശാന്ത് എംഎൽഎ, നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി, പ്ലാനിംഗ് ബോർഡംഗം മിനി സുകുമാർ എന്നിവർ പങ്കെടുത്തു.