സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ലിംഗവിവേചനമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഈ കാലഘട്ടത്തിലും ലിംഗവിവേചനം സമൂഹത്തില്‍ ഉണ്ടെന്നു പറയുന്നത് തന്നെ വേദനാജനകമാണ്. സ്ത്രീകള്‍ എത്ര ശക്തി ആര്‍ജിച്ചാലും ലിംഗവിവേചനം എന്ന വലിയ വിപത്ത് ഒരു കുഞ്ഞിന്റെ ജനനം മുതല്‍ തന്നെ ആരംഭിക്കുന്നു എന്നുള്ളത് നമുക്ക് നിഷേധിക്കാന്‍ സാധിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു.
ലിംഗ സങ്കല്‍പങ്ങളില്‍ പുതുതലമുറയെ കെട്ടി ഇടരുതെന്നും നമ്മുടെ ഗൃഹങ്ങളില്‍ നിന്നാണ് മാറ്റങ്ങള്‍ ഉടലെടുക്കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. പരസ്പര സ്നേഹത്തിലൂടെയാണ് ശാക്തീകരണം സാധ്യമാകേണ്ടത്. ആണ്‍-പെണ്‍ സന്തുലനാവസ്ഥ ഉണ്ടാവണം. മറ്റൊരാള്‍ നമ്മെ ആഴത്തില്‍ സ്നേഹിക്കുമ്പോഴും മറ്റൊരാളെ നമുക്ക് ആത്മാര്‍ഥമായി സ്നേഹിക്കാന്‍ സാധിക്കുമ്പോഴുമാണ് നമ്മുടെ ഉള്ളിലെ ശക്തി ഉടലെടുക്കുന്നത്. സ്ത്രീത്വത്തിന്റെ സൗന്ദര്യം നമ്മളിലൂടെ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചു കൊടുക്കാനും നാം ശ്രമിക്കണം. വൈകാരികമായും മാനസികമായുമുള്ള ശക്തി ഉടലെടുക്കേണ്ടത് മനസില്‍ നിന്നുമാണെന്നും നാം മറക്കരുതെന്നും കളക്ടര്‍ പറഞ്ഞു. നല്ലൊരു നാളെക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ എന്നതായിരുന്നു ഈ വര്‍ഷത്തെ വനിതാദിന വിഷയം.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ധീര പദ്ധതി പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് സംസ്ഥാന വനിതാ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ധീര പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകള്‍ തടസങ്ങളെ അതിജീവിക്കാനുള്ള ശക്തി ആര്‍ജിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും മുഖ്യധാരയിലേക്ക് വരണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പത്തനംതിട്ട നഗരസഭ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ മേഖലയില്‍ നിന്നും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് സ്വപ്രയത്നത്താല്‍ കടന്നുവന്ന വനിതകളെ
കളക്ടര്‍ ആദരിച്ചു. സ്ത്രീധനം കാലഹരണപ്പെടും എന്ന വിഷയത്തെ ആസ്പദമാക്കി കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംവാദത്തില്‍ പങ്കെടുത്ത് വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു.
സൗജന്യ നിയമസഹായം എങ്ങനെ ലഭ്യമാക്കാം എന്ന വിഷയത്തില്‍ നടന്ന ശില്പശാലയ്ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജിയും സെക്രട്ടറിയുമായ ദേവന്‍ കെ. മേനോന്‍ നേതൃത്വം നല്‍കി. ശില്‍പ്പശാലയില്‍ നിരവധി വനിതകള്‍ പങ്കെടുക്കുകയും സ്ത്രീധനവും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലെ നിയമസഹായത്തെക്കുറിച്ച് സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു.
യോഗത്തില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നീം, വനിതാ സംരക്ഷണ ഓഫീസര്‍ എച്ച്. താഹിറ ബീവി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഏലിയാസ് തോമസ്, ജില്ലാ വനിതാ ശിശു വികസന ജൂനിയര്‍ സൂപ്രണ്ട് ജി. സ്വപ്ന മോള്‍, ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ആര്‍. നിഷാ നായര്‍, എല്‍സിസി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.