നാലു വര്‍ഷം കൊണ്ട് പാല്‍ ഉത്പാദനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമത്തോട് അനുബന്ധിച്ച് അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്ററില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം പാല്‍ ഉത്പാദനത്തില്‍ ഇപ്പോള്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണുള്ളത്. മുന്‍പെങ്ങുമില്ലാത്തത്ര പാല്‍ ഉത്പാദനമാണ് സംസ്ഥാനത്ത് നടക്കുന്നത്. കോവിഡ് കാലഘട്ടത്തിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച വകുപ്പാണ് മില്‍മ. വെള്ളപ്പൊക്കത്തില്‍ കന്നുകാലികള്‍, കോഴികള്‍ എന്നിവ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും, പക്ഷിപ്പനി മൂലം താറാവുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തു.

സാധാരണ കര്‍ഷകരെ സഹായിച്ചു കൊണ്ടാണ് വകുപ്പ് മുന്‍പോട്ടു പോകുന്നത്. കര്‍ഷകരുടെ ഉത്പാദന ചിലവ് കൂടുതലാണെന്ന് മനസിലാക്കി അവ കുറയ്ക്കുന്നതിനുള്ള ശ്രമം വകുപ്പ് നടത്തി വരികയാണ്. സംസ്ഥാനത്തെ പശുക്കള്‍ക്ക് മുഴുവന്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുവാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സമസ്ത മേഖലകളിലും സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

ക്ഷീര വകുപ്പിന്റെ എല്ലാ മേഖലകളിലും വന്‍ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. പാല്‍ ഉത്പാദനത്തില്‍ കേരളത്തിലുണ്ടായത് ഗണ്യമായ വര്‍ധനവാണ്. കേരളത്തില്‍ പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്കെത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ മികച്ച ക്ഷീരകര്‍ഷകരേയും, ക്ഷീര സഹകരണ സംഘങ്ങളേയും ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.