സമ്മര്‍ദങ്ങളില്‍ നിന്നും വിമോചിതരാകാന്‍ സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ ദിനാഘോഷത്തിന്റെയും സ്ത്രീശക്തി കലാജാഥയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കുടുംബശ്രീയുടെ അന്തസത്തയായ പരസ്പര സ്‌നേഹം നിലനിര്‍ത്താനായാല്‍ സമ്മര്‍ദങ്ങളില്‍ നിന്ന് സ്ത്രീകളെ വിമോചിപ്പിക്കാനും ശാക്തീകരിക്കാനുമാകും.

സ്ത്രീകള്‍ തനതായ സ്വത്വത്തില്‍ നില നില്‍ക്കണമെങ്കില്‍ പരസ്പരം കൈത്താങ്ങാകണമെന്നും കളക്ടര്‍ പറഞ്ഞു. സ്ത്രീത്വത്തെ ആഘോഷിക്കാനുള്ള ദിവസമാണ് വനിതാദിനമെന്നും കളക്ടര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലി അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ. എം.എസ്.സുനില്‍, ചിത്രകാരി ഗ്രേസി ഫിലിപ്പ്, വിദ്യാര്‍ഥികളായ സാന്ദ്ര ബിനോയി, അഞ്ജു ശ്രീലാല്‍ വെട്ടൂര്‍ എന്നിവരെ ആദരിച്ചു. വീഡിയോ പ്രദര്‍ശനം, സംവാദം, നാടകാവതരണവും ഇതോട് അനുബന്ധിച്ച് നടത്തി.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.എച്ച്. സലീന, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്.മോഹനന്‍, കുടുംബശ്രീ എഡിഎംസി എല്‍.ഷീല, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി, ചൈല്‍ഡ് ലൈന്‍ കോ – ഓര്‍ഡിനേറ്റര്‍ ആതിര സുകുമാരന്‍, രശ്മി രാജന്‍, കെ.എസ്. ഗായത്രി, എന്‍.എസ് ഇന്ദു, അഡ്വ പി.വി. വിജയമ്മ, പി.ആര്‍. അനുപ തുടങ്ങിയവര്‍ പങ്കെടുത്തു.